ആലപ്പുഴ ∙ കടലിൽനിന്ന് കാര്യമായൊന്നും കിട്ടുന്നില്ല. ഉള്ളതു കരയിലെത്തിച്ച് അഷ്ടി കഴിക്കാമെന്നു വച്ചാൽ വള്ളമിറക്കാനുള്ള മണ്ണെണ്ണ പോലും കിട്ടാനില്ല. കേരളത്തിന്റെ തീരദേശം വറുതിയുടെ വറചട്ടിയിൽനിന്ന് എരിതീയിലേക്കു വീഴുമോ? യാനങ്ങൾക്ക് ആവശ്യമുള്ളതിന്റെ ചെറിയ അളവ് മണ്ണെണ്ണ പോലും സർക്കാർ സംവിധാനം വഴി കിട്ടാത്ത സ്ഥിതിയാണ്. വില കൂടുകയും ചെയ്തു.
∙ കരിഞ്ചന്തയിൽനിന്ന് കടലിലേക്ക്
സർക്കാർ മണ്ണെണ്ണ നൽകിയില്ലെങ്കിലും യാനങ്ങൾ കടലിൽ പോയേ പറ്റൂ. ഔട്ട്ബോർഡ് എൻജിൻ പ്രവർത്തിപ്പിക്കാൻ വേറെ വഴിയില്ലാത്ത മത്സ്യത്തൊഴിലാളികളും യാനം ഉടമകളും നേരെ പോകുന്നത് കരിഞ്ചന്തയിലേക്കാണ്. വേണ്ടത്ര മണ്ണെണ്ണ കിട്ടുന്നില്ല; പുറമെ വിലവർധനയും കേന്ദ്ര സർക്കാരിന്റെ വെട്ടിക്കുറയ്ക്കലും. കടലിൽ പോകണമെങ്കിൽ ആദ്യം കരിഞ്ചന്തയിൽ മണ്ണെണ്ണ സംഘടിപ്പിക്കണമെന്ന അവസ്ഥയാണ്.
∙ പകുതി ഓടിയാൽ മതിയോ യാനങ്ങൾ?
മാസം 420 ലീറ്റർ മണ്ണെണ്ണ വരെ യാനങ്ങൾക്കു കിട്ടിയിരുന്നു മുൻപ്. റേഷൻ വിലയ്ക്കാണ് ഇതു നൽകിയിരുന്നത്. ലീറ്ററിന് ഏകദേശം 9 രൂപയായിരുന്നു വില. ഇപ്പോൾ അതിന്റെ പകുതി മണ്ണെണ്ണ പോലും കിട്ടുന്നില്ല. 1981 – 85ൽ ഫിഷറീസ് മന്ത്രിയായിരുന്ന പി.എസ്. ശ്രീനിവാസന്റെ കാലത്താണ് സർക്കാർ വിദേശത്തുനിന്ന് ഔട്ട്ബോർഡ് എൻജിനുകൾ ഇറക്കുമതി ചെയ്ത് മത്സ്യത്തൊഴിലാളികൾക്കു നൽകി തുടങ്ങിയത്.
പെട്രോൾ ഉപോഗിച്ച് സ്റ്റാർട്ട് ചെയ്യുകയും തുടർന്ന് മണ്ണെണ്ണയിൽ പ്രവർത്തിക്കുകയുമാണ് ഈ എൻജിനുകളുടെ രീതി. അക്കാലത്തു തന്നെ ആവശ്യമുള്ളതിലും വളരെ കുറച്ച് മണ്ണെണ്ണയാണ് സർക്കാർ നൽകിയിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റേഷൻ വിലയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് 129 ലീറ്ററായി. ഒരു യാനത്തിന് മാസം 600– 700 ലീറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണു തൊഴിലാളികൾ പറയുന്നത്. 9.9 കുതിരശക്തിയുള്ള എൻജിന് ദിവസം ശരാശരി 30 ലീറ്റർ മണ്ണെണ്ണ വേണം.
∙ കരിഞ്ചന്ത തുറക്കുന്നു
ആവശ്യമുള്ളത്ര മണ്ണെണ്ണ നൽകാൻ സർക്കാരിനു കഴിയാതിരുന്ന കാലം മുതൽ കരിഞ്ചന്തക്കാർ ഉഷാറായി. പണ്ടു മുതലേ ഇരട്ടി വിലയാണ് കരിഞ്ചന്തയിൽ. പക്ഷേ, വേറെ വഴിയില്ല. പട്ടിണിയാകാതിരിക്കണമെങ്കിൽ ആ വിലയ്ക്കു വാങ്ങണമെന്ന ദുരവസ്ഥയിലാണ് മത്സ്യത്തൊഴിലാളികളും യാനം ഉടമകളും.
സംസ്ഥാനത്ത് പതിനെണ്ണായിരത്തോളം യന്ത്രവൽകൃത യാനങ്ങളുണ്ടെന്നാണ് കണക്ക്. അവയുടെ പെർമിറ്റിന് അനുസരിച്ചുള്ള മണ്ണെണ്ണ സംഭരിക്കാൻ സർക്കാരിനു കഴിയുന്നില്ല. പക്ഷേ, കരിഞ്ചന്തക്കാർ അതു ചെയ്യും. അവിടെയെപ്പോഴും മണ്ണെണ്ണ സുലഭമാണ്.യാനങ്ങൾ വർഷത്തിൽ ശരാശരി 300 ദിവസം കടലിൽ പോകുന്നുണ്ട്. എന്നാൽ, അതിന് ആവശ്യമുള്ളതിന്റെ 5% മണ്ണെണ്ണ പോലും സർക്കാർ നൽകുന്നില്ലെന്നാണ് പരാതി. ഇനി കരിഞ്ചന്തയിൽ ലീറ്ററിന് 100 രൂപയിലേറെ നൽകേണ്ടിവരുമെന്ന അവസ്ഥയാണ്. വരുമാനത്തിന്റെ വലിയ പങ്ക് മണ്ണെണ്ണയ്ക്കു ചെലവാകുന്നു എന്നതാണ് യാനം ഉടമകളുടെ ദുരവസ്ഥ.
∙ ബങ്കുകൾ ഗുണം ചെയ്യുന്നില്ല
കഴിഞ്ഞ യുഡിഎഫ് സർക്കാര്‍ മത്സ്യഫെഡ് വഴി സംസ്ഥാനത്താകെ പെട്രോൾ പമ്പ് മാതൃകയിൽ 14 മണ്ണെണ്ണ ബങ്കുകൾ തുടങ്ങിയിരുന്നു. ബങ്കിൽനിന്ന് മാസം 300 ലീറ്റർ വരെ മണ്ണെണ്ണ കിട്ടിയിരുന്നു. വാങ്ങുന്ന ഓരോ ലീറ്ററിനും 25 രൂപ സബ്സിഡിയും സർക്കാർ നൽകി. സബ്സിഡി ഇപ്പോഴുമുണ്ട്. പക്ഷേ, പരമാവധി 200 ലീറ്ററേ ബങ്കിൽനിന്നു കിട്ടുകയുള്ളൂ.
സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇരുനൂറ്റിയിരുപതോളം ഫിഷ് ലാൻഡിങ് സെന്ററുകളും 222 മത്സ്യഗ്രാമങ്ങളുമുണ്ട്. പക്ഷേ, ബങ്കുകൾ ഇപ്പോഴും 14 മാത്രം. അവിടെനിന്ന് ആവശ്യത്തിനു മണ്ണെണ്ണ കിട്ടുന്നുമില്ല.ഇപ്പോഴത്തെ പ്രതിസന്ധി
പെട്ടെന്ന് 25 രൂപ വില വർധിച്ചതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. സംസ്ഥാനത്തിനുള്ള വിഹിതത്തിൽ 30% കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തു. വില കൂടിയതിന് അനുസരിച്ച് കരിഞ്ചന്തയിലും വില കൂടി. മാത്രമല്ല, കരിഞ്ചന്തയിൽനിന്നേ മണ്ണെണ്ണ കിട്ടൂ എന്നതാണ് അവസ്ഥ.
∙ പരിശോധിച്ച് യന്ത്രങ്ങൾ കുറച്ചു; വിൽപന തന്ത്രം?
സംസ്ഥാനത്ത് ഇപ്പോൾ മണ്ണെണ്ണ പെർമിറ്റുള്ള 14,000 യന്ത്രങ്ങളേയുള്ളൂ. ഇക്കൊല്ലം ആദ്യം സർക്കാർ നടത്തിയ പരിശോധനയിലൂടെയാണ് 18,000ൽനിന്ന് ഈ കുറവ് വന്നത്. 10 വർഷത്തിൽ താഴെ പഴക്കമുള്ളവയ്ക്കേ ഇനി പെർമിറ്റ് നൽകൂ എന്നാണ് തീരുമാനം. പക്ഷേ, ഇപ്പോൾ ഇത്രയും യാനങ്ങൾക്കു പോലും വേണ്ടത്ര മണ്ണെണ്ണ സർക്കാരിൽനിന്നു കിട്ടുന്നില്ല.
പത്തും ഇരുപതും വർഷമായി തകരാറില്ലാതെ ഉപയോഗിക്കുന്ന ഒട്ടേറെ യന്ത്രങ്ങളുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. പക്ഷേ, അവയ്ക്ക് മണ്ണെണ്ണ കരിഞ്ചന്തയിൽനിന്നേ കിട്ടുകയുള്ളൂ. 10 വർഷം കൂടുമ്പോൾ തൊഴിലാളികൾ പുതിയ യന്ത്രം വാങ്ങേണ്ടി വരുന്നതിലൂടെ ചിലർക്കു കമ്മിഷൻ നേടാനുള്ള തന്ത്രമാണ് ഈ വ്യവസ്ഥയ്ക്കു പിന്നിലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. സംസ്ഥാനത്ത് മത്സ്യഫെഡ് വഴി മാത്രമേ യന്ത്രം വാങ്ങാൻ കഴിയൂ. കമ്പനികളുമായി അതിനു കരാറുണ്ട്. ഇത് തൊഴിലാളികളോടുള്ള കൊടുംചതിയാണെന്നും നേതാക്കൾ പറഞ്ഞു.
∙ എല്ലാ തൊഴിലാളികളെയും ബാധിക്കില്ല
മണ്ണെണ്ണ ക്ഷാമം എല്ലാ തൊഴിലാളികളെയും നേരിട്ടു ബാധിക്കുന്നില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. യാനം സ്വന്തമായുള്ളവർക്കാണ് ബാധ്യത ഏറുന്നത്. മറ്റുള്ളവരുടെ യാനങ്ങളിൽ പണിക്കു പോകുന്നവരെ അതു ബാധിക്കില്ല.
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളത് 2.06 ലക്ഷം ആളുകൾക്കാണ്. എന്നാൽ, ഇതുവരെ മണ്ണെണ്ണ പെർമിറ്റുള്ളത് 18,000 പേർക്കു മാത്രം. ഇനി അത് 14,000 ആകും. സ്വന്തം യാനമുള്ളവരാണിത്. മറ്റുള്ളവർ ഈ യാനങ്ങളിലെ ജോലിക്കാരാണെന്നാണ് നിഗമനം.ടാറിങ് പ്ലാന്റുകൾക്കും പ്രതിസന്ധി
മണ്ണെണ്ണ ക്ഷാമം ടാർ പ്ലാന്റുകളെയും രൂക്ഷമായി ബാധിക്കുന്നു. റോഡ് നിർമാണത്തിനുള്ള ടാർ പ്ലാന്റുകൾ പ്രവർത്തിക്കുന്നത് മണ്ണെണ്ണയിലാണ്. അതു സർക്കാർ നൽകുന്നില്ല. കരിഞ്ചന്തയാണ് ആശ്രയം. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മൊത്തം മണ്ണെണ്ണ ഉപയോഗത്തോളം തന്നെ വരും ടാർ പ്ലാന്റുകളുടേതും എന്നാണ് കണക്ക്.