കണിച്ചാർ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിൽ ചുമർചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം. പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഈ മാസം ഉദ്ഘാടനംചെയ്യാനിരിക്കെയാണ് ചുമരുകളിൽ ആകർഷകമായ ചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം നടത്തുന്നത്.
പുതിയ ബസ് സ്റ്റാൻഡിന് മുകളിലാണ് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം നിർമിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായാണ് ചുമർചിത്രങ്ങൾ കൊണ്ട് ഓഫീസിന്റെ ചുമരുകൾ സൗന്ദര്യവത്കരണം നടത്തുന്നത്. കേരളത്തിലെ കലകളും സാംസ്കാരികനായകന്മാരുമാണ് ചിത്രങ്ങളിലുള്ളത്. കളരിപ്പയറ്റ്,
കഥകളി, ഭരതനാട്യം, പുലികളി, നെറ്റിപ്പട്ടം കെട്ടിയ ആന, വള്ളംകളി, മാവേലി, ശ്രീനാരായാണഗുരു എന്നിവരുടെ ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്.
ചുമർചിത്രങ്ങളിലെ മറ്റൊരു ആകർഷണീയത പൂളക്കുറ്റിയിലെ അരുവിക്കുഴി വെള്ളച്ചാട്ടമാണ്. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ ശരതും സംഘവും ചേർന്നാണ് ഒരാഴ്ച കൊണ്ട് ചിത്രങ്ങൾ വരച്ചത്.
ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ്. എല്ലാ ആളുകളും എത്തിച്ചേരുന്ന പഞ്ചായത്ത് ഓഫീസ് ജനസൗഹൃദമാകുന്ന വിധത്തിൽ സജ്ജീകരിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.