രാജസ്ഥാനില്‍ അജ്ഞാത രോഗം മൂലം ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലെ ഫുലാബായ് ഖേഡ, ഫുലാബെര്‍ ഗ്രാമങ്ങളിലാണ് സംഭവം. രണ്ടു വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പനി മുതല്‍ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമായിരുന്നു. ഏപ്രില്‍ 9 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായാണ് കുട്ടികള്‍ മരിച്ചത്. ലക്ഷണങ്ങള്‍ പ്രകടമായ ദിവസം തന്നെ ഇവര്‍ മരിക്കുകയായിരുന്നു.
ശീതളപാനീയങ്ങള്‍ കഴിച്ചതാണ് മരണകാരണമെന്നാണ് കുട്ടികളുടെ കുടുംബം പറയുന്നത്. ഇതേ തുടര്‍ന്ന് കടകളിലെത്തി മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ല കുട്ടികള്‍ മരിച്ചതെന്നും വൈറല്‍ അണുബാധയാണ് മരണകാരണമെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു. നിലിവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.
വൈറല്‍ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക റിപ്പോര്‍ട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ലെന്നും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജഗേശ്വര്‍ പ്രസാദ് പറഞ്ഞു. ജയ്പുരില്‍നിന്നും ജോധ്പുരില്‍നിന്നുമുള്ള ഡോക്ടര്‍മാരുടെ സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ഇതുവരെ 300 വീടുകള്‍ സര്‍വേ നടത്തുകയും 58 സാംപിളുകള്‍ ശേഖരിച്ച് ജയ്പുരിലെ ലാബിലേക്ക് പരിശോധനയക്ക് അയച്ചുവെന്നും പ്രസാദ് വ്യക്തമാക്കി.