24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ദേശീയപാത വികസനം : 203 കിലോമീറ്ററിൽ നിർമാണക്കരാറായി
Kerala

ദേശീയപാത വികസനം : 203 കിലോമീറ്ററിൽ നിർമാണക്കരാറായി

സംസ്ഥാനത്ത് ദേശീയപാത 66ൽ 202.99 കിലോമീറ്റർ ആറുവരിയാക്കാൻ നിർമാണക്കരാറായി. 16 ഭാഗം (റീച്ച്‌) തിരിച്ച 255.14 കിലോമീറ്ററിൽ 14 ഭാഗത്തിന്റെ നിർമാണക്കരാറാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റി അടക്കം ഒമ്പതു സ്ഥാപനത്തിന്‌ നൽകിയത്‌. അരൂർ–- തുറവൂർ (14.65 കിലോമീറ്റർ), പറവൂർ–- കൊറ്റുകുളങ്ങര (37.5 കി.മീറ്റർ) ഭാഗങ്ങളിലെ 52.15 കിലോമീറ്ററിലാണ്‌ ഇനി കരാർ ഉറപ്പിക്കാനുള്ളത്‌.

പറവൂർ– -കൊറ്റുകുളങ്ങര ഭാഗം ടെൻഡർ നടപടിയുടെ ബിഡ്‌ തുറന്നു. അരൂർ– -തുറവൂർ ഭാഗം വിശദ പദ്ധതിരേഖ തയ്യാറാക്കുന്നു. രണ്ടിലും ഈ വർഷം നിർമാണക്കരാർ ഉറപ്പാക്കും. എല്ലാ ഭാഗത്തെയും ജോലികൾ 2025ൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാനം നൽകിയതിനാലാണ്‌ ദേശീയപാത വികസനം സാധ്യമായത്‌. മഹാരാഷ്‌ട്രയിലെ പനവേൽമുതൽ കന്യാകുമാരിവരെ അഞ്ചു സംസ്ഥാനത്തിലൂടെ പോകുന്ന ദേശീയപാത 66ൽ കേരളം മാത്രമാണ്‌ സ്ഥലം ഏറ്റെടുക്കാൻ പണം നൽകുന്നത്‌. തലപ്പാടിമുതൽ കഴക്കൂട്ടംവരെ ഏറ്റെടുക്കേണ്ടത്‌ 1076.64 ഹെക്ടറാണ്‌. നഷ്ടപരിഹാരം 21,568 കോടിയും. ഇതിൽ 5392 കോടി സംസ്ഥാനവിഹിതമായി കേരളം വഹിക്കും. 5311 കോടി ഇതിനകം കിഫ്‌ബി ദേശീയപാത അതോറിറ്റിക്ക്‌ കൈമാറി. 988.09 ഹെക്ടർ ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കൽ മുൻകൂട്ടി സാധ്യമായതിനാൽ നിർമാണക്കരാർ ഉറപ്പാക്കുന്നത്‌ സുഗമമാക്കി.

തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ റോഡ്‌ നിർമാണം പുരോഗമിക്കുകയാണ്‌. 45 മീറ്ററിൽ ആറുവരി റോഡാണ്‌ യാഥാർഥ്യമാകുന്നത്‌. സർവീസ് റോഡുകളുടെയും കലുങ്കുകളുടെയും സുരക്ഷാ മതിലുകളുടെയും നിർമാണവും ആരംഭിച്ചു.

Related posts

ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി

Aswathi Kottiyoor

ട്രഷറി വകുപ്പ് ആസ്ഥാന മന്ദിരം നവംബർ 11ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

Aswathi Kottiyoor

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ വ്യാജപ്രചാരണം നടക്കുന്നു; യുവസമൂഹം ഇത്‌ മുഖവിലക്കെടുക്കരുത്‌: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox