22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളി കേന്ദ്രം ; കേരളത്തിനും ഭീഷണി
Kerala

സംസ്ഥാനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളി കേന്ദ്രം ; കേരളത്തിനും ഭീഷണി

സംസ്ഥാനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട്‌ കേന്ദ്രസർക്കാർ. അതിരൂക്ഷമായ വൈദ്യുതിക്ഷാമത്തെതുടർന്ന്‌ മഹാരാഷ്ട്രയിൽ ലോഡ്‌ ഷെഡിങ്‌ നിലവിൽ വന്നു. ആന്ധ്രയിൽ വ്യവസായങ്ങൾക്ക്‌ ആഴ്‌ചയിൽ ഒരു ദിവസം അധിക അവധിയും (പവർ ഹോളിഡേ) ഏർപ്പെടുത്തി. ഏപ്രിലിലെ ഉപയോഗം മാർച്ചിലേതിനേക്കാൾ പകുതിയാക്കണമെന്നും ഉത്തരവിട്ടു. ഗുജറാത്തിലും പവർ ഹോളിഡേ പ്രഖ്യാപിച്ചു. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കേരളമുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളും പ്രതിസന്ധിയിലാകും. പ്രതിദിനം 4000 മെഗാവാട്ട്‌ വൈദ്യുതി കമ്മിയാണ്‌ നിലനിൽക്കുന്നത്‌.

താപ, പുനരുപയോഗ വൈദ്യുതോൽപ്പാദനശേഷി ആവശ്യകതയ്‌ക്ക്‌ അനുസരിച്ച്‌ വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ വരുത്തിയ വീഴ്‌ചയാണ്‌ പ്രതിസന്ധിയുടെ മുഖ്യകാരണം. 2017–-2022 കാലയളവിൽ താപവൈദ്യുതനിലയങ്ങളുടെ ശേഷി 49,800 മെഗാവാട്ടായി ഉയർത്തണമായിരുന്നു. എന്നാൽ, 18,900 മെഗാവാട്ട്‌ ശേഷിമാത്രമേ കൂട്ടിച്ചേർത്തുള്ളൂ. 2022നകം പുനരുപയോഗ ഊർജശേഷി 1.75 ലക്ഷം മെഗവാട്ടാക്കേണ്ടിടത്ത്‌ ഒരുലക്ഷത്തിൽ എത്തിക്കാനേ കഴിഞ്ഞുള്ളൂ. ഇതിനു പുറമെ കൽക്കരിക്ഷാമവും വൈദ്യുതോൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഒമ്പതു ദിവസത്തെ ഉൽപ്പാദനത്തിനു തുല്യമായ കൽക്കരി ശേഖരംമാത്രമേ നിലയങ്ങളിലുള്ളൂ. രാജ്യത്ത്‌ ഇത്തരമൊരു സ്ഥിതി 2014ന്‌ ശേഷം ഇതാദ്യമാണ്‌. 24 ദിവസത്തെ ശേഖരമെങ്കിലും ഉണ്ടാകണമെന്നാണ്‌ നിയമം. സ്വകാര്യ സംരംഭകരുടെ കൽക്കരി ഉൽപ്പാദനത്തിലെ കുറവ്‌, റഷ്യ–- ഉക്രയ്‌ൻ യുദ്ധം ഉൾപ്പെടെയുള്ള സാഹചര്യങ്ങളാണ്‌ ദൗർലഭ്യത്തിലേക്ക്‌ നയിച്ചത്‌.
കേന്ദ്രത്തിന്റെ പിടിപ്പുകേട്‌ മറയ്‌ക്കാൻ റഗുലേറ്ററി കമീഷനിൽ സമ്മർദം ചെലുത്തി പവർ എക്‌സ്‌ചേഞ്ചുവഴി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വൈദ്യുതിക്ക്‌ പരമാവധി വില നിശ്ചയിച്ചെങ്കിലും ഫലം കണ്ടില്ല. 400 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി വേണ്ടിടത്ത്‌ 165 ദലശക്ഷം യൂണിറ്റുമാത്രമേ എക്‌സ്‌ചേഞ്ചിൽ വിൽപ്പനയ്‌ക്ക്‌ എത്തുന്നുള്ളൂ. പരമാവധി നിരക്കായ 12 രൂപയ്‌ക്കാണ്‌ ഭൂരിഭാഗം സമയവും കച്ചവടം. എന്നാൽ, പരമാവധി നിരക്ക്‌ നൽകാൻ തയ്യാറായിട്ടുപോലും മതിയായ വൈദ്യുതി ലഭിക്കുന്നില്ല.

കേരളത്തിനും ഭീഷണി;‘അനങ്ങാതെ’ കെഎസ്‌ഇബി
രാജ്യത്ത്‌ രൂക്ഷമാകുന്ന വൈദ്യുതിക്ഷാമം കേരളത്തിനും ഭീഷണിയാകുന്നു. വരുംവർഷങ്ങളിൽ 1000 മെഗാവാട്ട്‌ വൈദ്യുതി കമ്മി സംസ്ഥാനത്തുണ്ടാകുമെന്നാണ്‌ റഗുലേറ്ററി കമീഷന്‌ മുന്നിൽ കെഎസ്‌ഇബി സമർപ്പിച്ച കണക്ക്‌. കമ്മി നികത്താനുള്ള വൈദ്യുതി നാലു രൂപയ്‌ക്ക്‌ പവർ എക്‌സ്‌ചേഞ്ചിൽനിന്ന്‌ വാങ്ങാമെന്നാണ്‌ ബോർഡ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

കെഎസ്‌ഇബിയുടെ ഈ നിലപാടിന്‌ വിജയസാധ്യത തീരെ കുറവാണ്‌. രാജ്യത്ത്‌ ആവശ്യത്തിന്‌ വൈദ്യുതോൽപ്പാദനം ഇല്ലെന്നു മാത്രമല്ല, പവർ എക്‌സ്‌ചേഞ്ചിൽ അടുത്തകാലത്തെങ്ങും ഇത്രയും കുറഞ്ഞ നിരക്കിലേക്ക്‌ വൈദ്യുതിവില താഴില്ല. സാമ്പത്തികനഷ്ടം വരുത്തി ഉയർന്നവിലയ്‌ക്ക്‌ വാങ്ങാൻ തീരുമാനിച്ചാലും പവർ എക്‌സ്‌ചേഞ്ചിൽനിന്നും ആവശ്യത്തിന്‌ വൈദ്യുതി ലഭിക്കുകയുമില്ല. പ്രതിസന്ധി മുന്നിൽക്കണ്ട്‌ ദീർഘകാല കരാർവഴി മതിയായ വൈദ്യുതി ഉറപ്പാക്കുകയാണ്‌ പോംവഴി.

ചാഞ്ചാട്ടസ്വഭാവമുള്ള പവർ എക്‌സ്‌ചേഞ്ചിലെ ഇടപാടിനേക്കാൾ ദീർഘകാല കരാറിൽ ഏർപ്പെടാനാണ്‌ വൈദ്യുതിവിൽപ്പന നടത്തുന്നവർക്ക്‌ താൽപ്പര്യം. ഇത്‌ മുതലെടുത്ത്‌ പവർ എക്‌സ്‌ചേഞ്ചിനേക്കാൾ കുറവും സംസ്ഥാനത്തിന്‌ സാമ്പത്തികബാധ്യത വരാത്തതു മായ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി ദീർഘകാല കരാറിന്‌ നടപടി സ്വീകരിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം. കാലാവസ്ഥകൂടി ‘ചതിച്ചാൽ’ സംസ്ഥാനം അതിവേഗം പ്രതിസന്ധിയിലേക്ക്‌ നീങ്ങും. എന്നാൽ, രാജ്യത്തെ ഗുരുതരമായ സാഹചര്യം വിലയിരുത്തി ഇത്തരമൊരു നടപടിയിലേക്ക്‌ കടക്കാൻ കെഎസ്‌ഇബി ഇതുവരെ തയ്യാറായിട്ടില്ല.

Related posts

അ​ഴി​മ​തി​ക്ക് ദു​ര​ന്ത​ങ്ങ​ള്‍ മ​റ​യാ​ക്ക​രു​ത്: ഹൈക്കോട​തി

Aswathi Kottiyoor

ജില്ല ഡെങ്കിപ്പനി ജാഗ്രതയിൽ

Aswathi Kottiyoor

പ്ര​ണ​യ​നൈ​രാ​ശ്യം; 16കാ​രി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി തീ​കൊ​ളു​ത്തി

Aswathi Kottiyoor
WordPress Image Lightbox