24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഗ്രാമ സ്വരാജ് പദ്ധതി 2026 വരെ നീട്ടും; 5911 കോടി രൂപ കൂടി അനുവദിച്ചു.
Kerala

ഗ്രാമ സ്വരാജ് പദ്ധതി 2026 വരെ നീട്ടും; 5911 കോടി രൂപ കൂടി അനുവദിച്ചു.

സുസ്ഥിര വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനുള്ള രാഷ്ട്രീയ ഗ്രാമ സ്വരാജ് പദ്ധതിക്ക് 5911 കോടി രൂപ കൂടി അനുവദിക്കാനും പദ്ധതി 2026 വരെ നീട്ടാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്തെ 2.78 ലക്ഷം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് ഉപകാരപ്പെടുമെന്നു മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. 5911 കോടി രൂപയിൽ 3700 കോടി രൂപ കേന്ദ്രവിഹിതവും 2211 കോടി രൂപ സംസ്ഥാന വിഹിതവുമായിരിക്കും. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനുമായി 2018ൽ ആരംഭിച്ച പദ്ധതിക്ക് ഈ വർഷം മാർച്ച് വരെയായിരുന്നു കാലാവധി. തദ്ദേശസ്ഥാപനങ്ങളിലെ 1.36 കോടി ആളുകൾക്ക് പദ്ധതി കാലയളവിൽ പരിശീലനം നൽകും.

മറ്റു തീരുമാനങ്ങൾ:

∙ മുൻപു ഖനനം നടത്തിയിട്ടുള്ളതോ കൽക്കരി ഖനനം നടത്താൻ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതോ ആയ പ്രദേശങ്ങളിലെ ഭൂമി ഉപയോഗപ്പെടുത്തുന്നതിനുള്ള നയത്തിനും അംഗീകാരം നൽകി. ഖനനയോഗ്യമല്ലാത്ത ഭൂമിയിൽ ഖനനവും ഊർജവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളും നടത്താൻ ഇത് ഉപകരിക്കും. കൽക്കരി ഖനനത്തിനായി സർക്കാർ കമ്പനികൾക്ക് തടസ്സം കൂടാതെ ഏതു സ്ഥലം ഏറ്റെടുക്കാനും അധികാരമുണ്ട്.

കൽക്കരി വാഷറികൾ നിർമിക്കുന്നതിനും പ്ലാന്റുകൾക്കും തെർമൽ ഊർജ പദ്ധതികൾക്കും മറ്റും ഈ ഭൂമി ഉപയോഗപ്പെടുത്തും.

∙ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) കാനഡയിലെ മാനിറ്റോബ സെക്യൂരിറ്റീസ് കമ്മിഷനും തമ്മിലുള്ള ഉഭയകക്ഷി ധാരണാ പത്രത്തിനും യോഗം അംഗീകാരം നൽകി. കടപ്പത്ര നിയന്ത്രണങ്ങളുടെ മേഖലയിൽ സഹകരണത്തിനാണിത്.

∙ വികേന്ദ്രീകൃത ഗാർഹിക മലിനജല പരിപാലന മേഖലയിലെ സഹകരണത്തിന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന വകുപ്പും ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയവും തമ്മിൽ ഒപ്പിട്ട ധാരണാപത്രവും അംഗീകരിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ക്യാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ

Aswathi Kottiyoor

ഡോക്ടര്‍മാരുടെ സേവന സന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox