വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്‌ക്കുന്ന ശക്തികൾക്ക് ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച ചാല മൗവ്വഞ്ചേരി റോഡ്, കോയ്യോട് -പൊതുവാച്ചേരി -ആർവി മെട്ട റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ രീതിയിൽ മാധ്യമങ്ങൾ നാടിന്റെ വികസനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്‌തമാണ്. വികസന പ്രവർത്തനങ്ങൾക്കെതിരെ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന എല്ലാ ശക്തികളെയും മാധ്യമങ്ങൾ പ്രേത്സാഹിപ്പിക്കുകയാണിവിടെ. ഇത്തരം നിലപാട് നാടിനെ മുന്നോട്ട് നയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. ജനങ്ങളെ യാഥാർഥ രീതിയിൽ ബോധവൽക്കരിക്കാൻ പല മാധ്യമങ്ങളും തയ്യാറാകുന്നില്ല. വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസനം പ്രധാനപ്പെട്ടതാണ്. അതിനാലാണ് ദേശീയപാത ഉൾപ്പെടെ വികസിപ്പിക്കുന്നത്. കാലികമായ പുരോഗതി നാടിന് ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചാല -മൗവ്വഞ്ചേരി റോഡ് 4.32 കോടി രൂപയും കോയ്യോട് പൊതുവാച്ചേരി ആർവി മെട്ട റോഡ് 6.10 കോടിയും ചെലവഴിച്ചാണ് നവീകരിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഫണ്ട് അനുവദിച്ചത്.
ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ ബാബുരാജ്, മാമ്പ്രത്ത് രാജൻ, കെ അബ്‌ദുൾ സത്താർ, കെ മുഹമ്മദ് റിയാസ്, എ വി ഷീബ എന്നിവർ സംസാരിച്ചു. എം ജഗദീഷ് റിപ്പോർട്ടവതരിപ്പിച്ചു. ഇ ജി വിശ്വപ്രകാശ് സ്വാഗതവും പി രാംകിഷോർ നന്ദിയും പറഞ്ഞു.