22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മ്യൂച്വല്‍ ഫണ്ട് ഇടനിലക്കാരെ നിയന്ത്രിക്കാന്‍ സെബി: വ്യവസ്ഥകള്‍ വിശദമായി അറിയാം .
Kerala

മ്യൂച്വല്‍ ഫണ്ട് ഇടനിലക്കാരെ നിയന്ത്രിക്കാന്‍ സെബി: വ്യവസ്ഥകള്‍ വിശദമായി അറിയാം .

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ഇടനിലക്കാരായെത്തിയത്. എളുപ്പത്തില്‍ നിക്ഷേപം നടത്താനും കമ്മീഷന്‍ ഒഴിവാക്കി ഡയറക്ട് പ്ലാനുകളില്‍ പണമിടാനുമുള്ള സാധ്യതകൂടി മുന്നോട്ടുവെച്ചതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഇവരുടെ സേവനം തേടി.

നിക്ഷേപകരുടെ പണം മ്യൂച്വല്‍ ഫണ്ടിന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറാതെ മറ്റൊരു അക്കൗണ്ടില്‍ (പൂള്‍ അക്കൗണ്ട്) ശേഖരിച്ച് വിതരണക്കാരില്‍ പലരും ചെയ്തിരുന്നത്. നിക്ഷേപകന് ഇതേക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് കര്‍ശന നിലപാടുമായി സെബി രംഗത്തെത്തിയത്.

മ്യൂച്വല്‍ ഫണ്ട് വിതരണക്കാരോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോ, സ്‌റ്റോക്ക് ബ്രോക്കര്‍മാരോ, ഉപദേശകരോ നിക്ഷേപകരുടെ പണം സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സെബിയുടെ നീക്കം. അതിനായി മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകള്‍ അറിയാം.

നിക്ഷേപകന്റെ പണം നേരിട്ട് ഫണ്ട് ഹൗസിന്റെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യണം. ഇതിനുള്ള സംവിധാനമൊരുക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍തന്നെ സെബി നിര്‍ദേശം നല്‍കിയിരുന്നു. കാലതാമസമില്ലാതെ യൂണിറ്റുകള്‍ അനുവദിക്കാനും നിക്ഷേപകരുടെ പണം പൂള്‍ അക്കൗണ്ടില്‍ സൂക്ഷിച്ച് ദുരപയോഗംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണിത്.

പൂള്‍ അക്കൗണ്ടുവഴി പണം കുറച്ചുകാലത്തേയ്ക്ക് കൈവശംവെയ്ക്കുന്നതിലൂടെ നിക്ഷേപ പ്രകൃയക്ക് കാലതാമസമുണ്ടാകുന്നു. മറ്റൊരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിലെ റിസ്‌കുകൂടി കണക്കിലെടുത്താണ് സെബിയുടെ തീരുമാനം.നിക്ഷേപകന്റെ പണം മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫണ്ട്ഹൗസുകളോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം തിരിച്ചെടുക്കുമ്പോള്‍ ഫണ്ടിന്റെ അക്കൗണ്ടില്‍നിന്ന് പണം നേരിട്ട് നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കും എത്തണം.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍
എസ്‌ഐപി തുക ബാങ്കില്‍നിന്ന് മാസംതോറും പിന്‍വലിക്കുന്നതിന് നിക്ഷേപകന്‍ ഒപ്പിട്ടു നല്‍കുന്ന വണ്‍ ടൈം മാന്‍ഡേറ്റുകളാണ് വ്യാപകമായി ഉപോയഗിക്കുന്നത്. വിതരണക്കാരോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോ തങ്ങളുടെ പേരില്‍ ഇത്തരം രജിസ്‌ട്രേഷന്‍ നടത്തുകയും നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യാനുള്ള അനുമതിനേടുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള ഇ-മാന്‍ഡേറ്റുകള്‍ ഇനി ഉപയോഗിക്കാനാവില്ല. അതായത് വിതരണക്കാരുടെ പേരില്‍ അത്തരത്തിലുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സ്വീകരിക്കാന്‍ ഇനി കഴിയില്ല. നിക്ഷേപകരില്‍നിന്നുള്ള ചെക്ക് ഇടപാടുകള്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ പേരില്‍മാത്രമെ സ്വീകരിക്കാനാവൂ-എന്ന് ഒക്ടോബര്‍ നാലിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെബി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ എസ്‌ഐപി മാന്‍ഡേറ്റുകള്‍ നല്‍കിയിട്ടുള്ളവര്‍ പുതുക്കിയ നിബന്ധന പാലിക്കേണ്ടതാണ്.

നിക്ഷേപകരുടെ പണം ഇടക്കാലയളവില്‍ വിതരണക്കാരുടെ അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിലെ അപകടസാധ്യത വ്യക്തമാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മ്യച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് നല്‍കണമെന്ന് അസോയിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യോട് സെബി നിര്‍ദേശിച്ചിട്ടുണ്ട്. കള്ളപ്പണമിടപാട് നിരോധന നിയമ(പിഎംഎല്‍എ)ത്തിലെ വ്യവസ്ഥകള്‍ക്കുവിരുദ്ധമായി നിക്ഷേപകന്റെ പണം മൂന്നാമതൊരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം എഎംസികള്‍ക്കാണെന്നും സെബി വ്യക്തമാക്കുന്നു.

രണ്ടുഘട്ടത്തിലുള്ള സ്ഥിരീകരണം
നിക്ഷേപകന്‍ യൂണിറ്റുകള്‍ വിറ്റ് പണമാക്കുമ്പോള്‍ രണ്ടുഘട്ടത്തിലുള്ള സ്ഥിരീകരണം(Two-factor authentication) ഉറപ്പാക്കണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്. നിക്ഷേപകന്‍തന്നെയാണ് പണം പിന്‍വലിക്കുന്നതെന്ന് ഉറപ്പാക്കാനാണിത്. ആധികാരികത ഉറപ്പാക്കാനുള്ള രണ്ടുഘട്ടങ്ങളില്‍ ഒന്ന്, നിക്ഷേപകന്റെ ഇ-മെയിലിലേയ്‌ക്കോ മൊബൈല്‍ നമ്പറിലേയ്‌ക്കോ അയക്കുന്ന ഒറ്റത്തവണ പാസ് വേഡ് ആയിരിക്കും. ഓഫ്‌ലൈന്‍ ഇടപാടാണെങ്കില്‍ നിലവിലുള്ള രീതിതന്നെ തുടരും. അപേക്ഷയോടൊപ്പമുള്ള ഒപ്പായിരിക്കും മാനദണ്ഡം. ഈ വ്യവസ്ഥകള്‍ ഉറപ്പാക്കണമെന്ന് സെബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.മ്യൂച്വല്‍ ഫണ്ട് ഹൗസ്, എഎംസിയിലെ ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവരുടെ അശ്രദ്ധ, വഞ്ചന എന്നിവമൂലമുള്ള അനധികൃത ഇടപാടുകള്‍മൂലം നിക്ഷേപകന് നഷ്ടമുണ്ടായാല്‍ ഉത്തരവാദിത്വം ഫണ്ട് ഹൗസിനായിരിക്കും. നിക്ഷേപ ഉപദേശകരുടെ അനധികൃത ഇടപാടുകള്‍മൂലമുള്ള നഷ്ടങ്ങള്‍ക്ക് ഫണ്ട് ഹൗസുകള്‍ക്ക് ബാധ്യതയില്ലെന്നകാര്യവും മനസിലാക്കുക. ഈ വ്യവസ്ഥകള്‍ ഏപ്രില്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ആംഫിയുടെ അഭ്യര്‍ഥന പ്രകാരം സമയപരിധി ജൂലായ് ഒന്നിലേയ്ക്കുനീട്ടി. അതുവരെ പുതിയ ഫണ്ടുകള്‍ പുറത്തിറക്കുന്നതിന് സെബി വിലക്കേര്‍പ്പെടുത്തുകയുംചെയ്തിട്ടുണ്ട്.

Related posts

ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഇ​ൻ​സ്റ്റ​ഗ്രാമും തി​രി​ച്ചെ​ത്തി; ക്ഷ​മ ചോ​ദി​ച്ച് സ​ക്ക​ർ​ബ​ർ​ഗ്

Aswathi Kottiyoor

കണ്ണൂർ–പുതുച്ചേരി സ്വിഫ്‌റ്റ്‌ സർവീസ്‌ ഉടൻ

Aswathi Kottiyoor

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ പ്രത്യേക മെഡിക്കല്‍ ടീം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox