24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുസാറ്റ്‌ അധ്യാപകര്‍ക്ക് ഇനി സംരംഭകരാകാം
Kerala

കുസാറ്റ്‌ അധ്യാപകര്‍ക്ക് ഇനി സംരംഭകരാകാം

ഗവേഷണങ്ങൾ പ്രബന്ധങ്ങളായി ഒതുങ്ങാതെ ഉൽപ്പന്നങ്ങളൊരുക്കാൻ പദ്ധതിയുമായി കുസാറ്റ് സിൻഡിക്കറ്റ്. ജോലിയിലിരിക്കെതന്നെ അധ്യാപകർക്ക് സ്വന്തമായി സാങ്കേതിക സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുകവഴിയാണ് ഇത് സാധ്യമാക്കുന്നത്. ഇതോടെ അധ്യാപകരെ സംരംഭകരാക്കാൻ നയരൂപീകരണം നടത്തിയ സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയായി കുസാറ്റ്.

വിവിധ ഐഐടികൾ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി എംഎച്ച്ആർഡി രൂപപ്പെടുത്തിയ ഫാക്കല്‍റ്റി സ്റ്റാര്‍ട്ടപ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് നയമാണ് സിന്‍ഡിക്കറ്റ് അംഗീകരിച്ചത്. അധ്യാപകരെയും അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തില്‍ ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും മാറ്റാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഉല്‍പ്പന്നവികസനം, വാണിജ്യവൽക്കരണം, സംരംഭങ്ങളിലെ പങ്കാളിത്തവും പരിപോഷണവും എന്നിവ അധ്യാപകരുടെ ചുമതലകളാണ്. വാര്‍ഷിക മൂല്യനിര്‍ണയത്തിലും പ്രമോഷനിലും അവര്‍ക്ക് അര്‍ഹമായ മുന്‍തൂക്കവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

ജോലിസമയത്തിന്റെ 20 ശതമാനംവരെ അവരുടെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങളില്‍ നോണ്‍ എക്‌സിക്യൂട്ടീവ് റോളില്‍ ചെലവഴിക്കാന്‍ അനുവാദവും ഒരുവര്‍ഷംവരെ ലീവും സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കാഷ്വല്‍ ലീവും അനുവദിക്കും. കുസാറ്റിന്റെ ഉടമസ്ഥതയിൽ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിന്‌ നടപടി ആരംഭിച്ചിട്ടുണ്ട്.
വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന ഇന്നോവേഷന്‍ ആൻഡ് എന്റര്‍പ്രണര്‍ഷിപ് കമ്മിറ്റിയാണ്‌ (ഐആൻഡ്ഇ) സംരംഭം തുടങ്ങാനുള്ള അപേക്ഷ സൂക്ഷ്മപരിശോധന നടത്തുന്നത്‌. കമ്മിറ്റി കുസാറ്റിന് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്റ്റാർട്ടപ്പിന് അംഗീകാരം നൽകുക.

തുടർന്ന് ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ കുസാറ്റ് രൂപീകരിച്ച ‘സെക്‌ഷന്‍ 8 കമ്പനി’യായ (ലാഭതാൽപ്പര്യമില്ലാതെ പരിസ്ഥിതി, ശാസ്‌ത്രം, ഗവേഷണം, കലകൾ, ജീവകാരുണ്യം തുടങ്ങിയവയുടെ പ്രോത്സാഹനത്തിന്‌ രൂപീകരിക്കുന്ന കമ്പനികൾ) കുസാടെക് ഫൗണ്ടേഷന്‍, ഫാക്കല്‍റ്റിയുടെ പങ്കാളിത്തത്തെക്കുറിച്ചും ഇക്വിറ്റിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും സ്റ്റാര്‍ട്ടപ്പുമായി ധാരണപത്രം ഒപ്പിടും. കുസാറ്റ് ഫാക്കല്‍റ്റിക്ക് നല്‍കുന്ന ഇക്വിറ്റിയില്‍നിന്ന് 20 ശതമാനം കുസാടെക് ഫൗണ്ടേഷന് നല്‍കണം. ഇതോടെ ഫാക്കല്‍റ്റി ഉടമസ്ഥതയുള്ള സ്റ്റാര്‍ട്ടപ്പില്‍ കുസാടെക് ഫൗണ്ടേഷന്‍ സഹ ഉടമയാകും.
മഹാത്മാഗാന്ധി സർവകലാശാലയിലും സെക്-ഷൻ ഡി കമ്പനി രൂപീകരിച്ചിട്ടുണ്ട്‌.

Related posts

ബിപോർജോയ്‌ ചുഴലിക്കാറ്റ്‌ : ഗുജറാത്തിൽ ജനങ്ങളെ ഒഴിപ്പിക്കും

Aswathi Kottiyoor

8 ശബരി സ്‌പെഷ്യൽ ട്രെയിൻകൂടി

Aswathi Kottiyoor

പ്രചരണ കാൽനട ജാഥ: കർഷക സമരത്തിൽ നൽകിയ ഉറപ്പുക

Aswathi Kottiyoor
WordPress Image Lightbox