26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *മരുന്നില്ലാതെ ആശുപത്രികൾ അടച്ചിടേണ്ട അവസ്ഥയിൽ; ശ്രീലങ്കയിൽ സ്ഥിതി ഗുരുതരം.*
Kerala

*മരുന്നില്ലാതെ ആശുപത്രികൾ അടച്ചിടേണ്ട അവസ്ഥയിൽ; ശ്രീലങ്കയിൽ സ്ഥിതി ഗുരുതരം.*

സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതമായതോടെ ശ്രീലങ്കയിൽ ആരോഗ്യവകുപ്പിനു ജീവനറ്റുകൊണ്ടിരിക്കുകയാണ്. അവശ്യമരുന്നുകളുടെ ക്ഷാമം സൂനാമിയിലോ യുദ്ധത്തിലോ ഉണ്ടായതിലും കൂടുതൽ മരണം വിതയ്ക്കുമെന്ന ആശങ്കയിലാണ് രാജ്യം. ആശുപത്രികൾ മരുന്നുക്ഷാമത്തിലേക്കു നീങ്ങുകയാണ്. മണിക്കൂറുകൾ നീണ്ട പവർകട്ടും ഇന്ധനക്ഷാമവും വെന്റിലേറ്ററുകളുടെയും ആംബുലൻസുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാക്കി.നവജാത ശിശു വിഭാഗത്തിൽ ഉപയോഗിക്കുന്ന എൻഡോട്രാക്യൽ ട്യൂബുകൾ തീരാറായി. ഇവയുടെ പുനരുപയോഗം പാടില്ലെങ്കിലും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുകയാണ് ഇപ്പോൾ. അടുത്തയാഴ്ചയോടെ അതും തീരും.’– കൊളംബോ നോർത്ത് ടീച്ചിങ് ഹോസ്പിറ്റലിലെ സർജിക്കൽ വിഭാഗത്തിലുള്ള, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന സർജൻ പറഞ്ഞു.

ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുൻപു തന്നെ പ്ലാസ്റ്ററും തുന്നൽസാമഗ്രികളും പോലുള്ളവയെല്ലാം പുറത്തുനിന്ന് വാങ്ങാൻ രോഗികളോട് ആവശ്യപ്പെടുന്ന സ്ഥിതിയായി. അടിയന്തര ആവശ്യങ്ങൾക്കായി രോഗികൾ വരുമ്പോൾ കരയുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് ടീച്ചിങ് ഹോസ്പിറ്റലിലെ ഒരു നഴ്‌സ് പറഞ്ഞത്. ‘മരുന്നില്ലാതെ എന്ത് ചെയ്യാൻ കഴിയും? ബോധം കെടുത്തുന്നതിനുള്ള മരുന്നു പോലും തീർന്നു.’– അവർ പറഞ്ഞു.

കാൻഡി, അനുരാധപുര, കൊളംബോ, ജാഫ്ന എന്നിവിടങ്ങളിലെല്ലാം കൂടി 17 മെഡിക്കൽ കോളജ് ആശുപത്രികൾ ശ്രീലങ്കയിലുണ്ട്. സർക്കാർ മെഡിക്കൽ കോളജുകൾക്കു പുറമേ കാൻഡിയിലെ നാഷനൽ ജനറൽ ആശുപത്രി, രണ്ടു പ്രവിശ്യാ ജനറൽ ആശുപത്രികൾ, എല്ലാ ജില്ലകളിലെയും ജനറൽ ആശുപത്രികൾ എന്നിവയാണുള്ളത്. രാജ്യത്തുടനീളം ഗ്രാമീണ, ബേസ് ആശുപത്രികളുമുണ്ട്. മെ‍ഡിക്കൽ കോളജ് ആശുപത്രികളിൽ മരുന്നുക്ഷാമമാണുള്ളതെങ്കിൽ ഗ്രാമീണ, ബേസ് ആശുപത്രികളിൽ അവശ്യമരുന്നുകൾ പോലും ഇല്ലെന്ന് ഡോക്ടർമാർ പറയുന്നു.

പെട്രോളിയം കോർപറേഷനിൽ നിന്നുള്ള പ്രത്യേക വിഹിതം ഇന്ധനം ഉപയോഗിച്ചാണ് ഇപ്പോൾ ഐസിയുകളിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത്. അതുതന്നെ എത്ര കാലത്തേക്ക് എന്നറിയില്ല.

അവശ്യമരുന്നുകളുടെ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് കഴിഞ്ഞ 5ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരോഗ്യരംഗം വൻപ്രതിസന്ധിയിലാണെന്ന് ഗവൺമെന്റ് മെഡിക്കൽ ഓഫിസർമാരുടെ സംഘടനയും പ്രഖ്യാപിച്ചു. ആവശ്യമുള്ളതിന്റെ 85% മരുന്നുകളും ഇറക്കുമതി ചെയ്യുകയാണ്. വിദേശനാണ്യ കരുതൽ ശേഖരം ഇല്ലാതായതോടെ ഇന്നേവരെ കാണാത്ത പ്രതിസന്ധിയാണ് മുന്നിൽ. ആംബുലൻസ് സേവനങ്ങൾ തീർത്തും കുറഞ്ഞതോടെ സ്വന്തം വാഹനത്തിൽ എത്തണമെന്നു ഡോക്ടർമാർ രോഗികളോട് ആവശ്യപ്പെട്ടുതുടങ്ങി.

സംഭാവനകൾക്കായി തുറന്ന അഭ്യർഥന പുറപ്പെടുവിച്ചിരിക്കുകയാണ് സീനിയർ കൺസൽറ്റന്റ് നിയോനാറ്റോളജിസ്റ്റും ശ്രീലങ്ക പെരിനാറ്റൽ സൊസൈറ്റി പ്രസിഡന്റുമായ ഡോ എൽ.പി.സമൻ കുമാര. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സപ്ലൈസ് ഡിവിഷൻ ഡയറക്ടറുടെ പേരിൽ സംഭാവനകൾ അയയ്ക്കാം. എൻഡോട്രാക്യൽ ട്യൂബുകളും നവജാത വെന്റിലേറ്റർ സർക്യൂട്ടുകളും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, പ്രതിസന്ധി മറികടക്കാനും ജനങ്ങളുടെ കഷ്ടപ്പാടകറ്റാനും സർക്കാർ എല്ലാ ശ്രമവും നടത്തിവരുകയാണെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങളോട് പ്രക്ഷോഭത്തിൽ നിന്നു പിന്തിരിയാനും അദ്ദേഹം അഭ്യർഥിച്ചു.

Related posts

ലോകകപ്പ് ഹോക്കിക്ക് ഇന്ന് തുടക്കം

Aswathi Kottiyoor

ഹൈ​ക്കോ​ട​തി അ​ഡീ. ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ

Aswathi Kottiyoor

ഗതാഗത നിയമലംഘനം പിടിക്കാൻ ജില്ലയിൽ 50 എഐ ക്യാമറകൾ

Aswathi Kottiyoor
WordPress Image Lightbox