മലയാളം ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറ്റണമെന്ന ഭാഷാ മാർഗനിർദേശ വിദഗ്ധസമിതി ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷാസമിതി അംഗീകരിച്ചു.
അക്ഷരങ്ങൾക്കൊപ്പം ഉപചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ രണ്ടെണ്ണത്തിന്റെ കാര്യത്തിലും കൂട്ടക്ഷരങ്ങളിലുമാണു പ്രധാനമായും പഴയ ലിപിഘടന സ്വീകരിക്കാമെന്നു സമിതി നിർദേശിക്കുന്നത്. എഴുത്തിനും അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്നും ശുപാർശയുണ്ട്. ഇതിനനുസരിച്ച് കംപ്യൂട്ടറിലെ മലയാളം ഫോണ്ടുകൾ പരിഷ്കരിക്കാനുള്ള തുടർനടപടികൾക്കായി ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയെ ചുമതലപ്പെടുത്തി.
അക്ഷരങ്ങൾക്കൊപ്പം ‘ഉ’, ‘ഊ’ എന്നിവ ചേർക്കാൻ ‘ു’ , ’ൂ’ എന്നിവ മാത്രം ഉപയോഗിക്കുക, അക്ഷരങ്ങൾ പിരിച്ചെഴുതേണ്ട ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങൾ ചന്ദ്രക്കലയിട്ടു പിരിച്ചെഴുതാതെ പഴയ ശൈലിയിൽ പരമാവധി ചേർത്തെഴുതുക എന്നിവയാണ് വിദഗ്ധസമിതിയുടെ പ്രധാന നിർദേശങ്ങൾ. കൃ, പൃ, ക്ര, പ്ര എന്നിങ്ങനെ എഴുതുന്നതും പഴയ ലിപി രീതിയിലേക്കു മാറണം.
പുതിയ ലിപി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധസമിതി നിർദേശിച്ചിട്ടുണ്ടെങ്കിലും അടുത്ത അധ്യയന വർഷം ഇതു നടപ്പാകില്ല. പാഠ്യപദ്ധതി പരിഷ്കരണത്തിനൊപ്പമേ ഇതിനു സാധ്യതയുള്ളൂ.