അധ്യാപകരും വിദ്യാർഥികളും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഡൽഹിയോടു ചേർന്ന ഉത്തർപ്രദേശിലെ നോയിഡയിലെയും ഗാസിയാബാദിലെയും മൂന്നു സ്കൂളുകൾ അടച്ചു. ഗാസിയബാദിലെ സ്വകാര്യ സ്കൂളുകളിലെ മൂന്നു വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായത്. എന്നാൽ നോയിഡയിലെ സ്കൂളിൽ മൂന്ന് അധ്യാപകർക്കും 13 വിദ്യാർഥികൾക്കുമാണ് കോവിഡ് ബാധിച്ചത്.
പുതിയതായി കണ്ടെത്തിയ കോവിഡ് വകഭേദമായ എക്സ്ഇ ആണോ ഇവരിൽ കണ്ടെത്തിയതെന്നു സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വ്യാപനം ഉണ്ടാകാതിരിക്കാൻ വിദ്യാർഥികൾക്കിടയിൽ വാക്സിനേഷൻ ഊർജിതമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച വിദ്യാർഥികളുടെ സാന്പിളുകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും ഗാസിയാബാദ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഭവ്തോഷ് ശംഖ്ധാർ പറഞ്ഞു.
ഗാസിയാബാദിലെ ഇന്ദിരാപുരത്ത് സ്കൂൾ മൂന്നു ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നോയിഡയിലെ സ്കൂളിൽ അധ്യയനം വീണ്ടും ഒരാഴ്ചത്തേക്ക് ഓണ്‍ലൈനാക്കി. അണുനശീകരണ പ്രവർത്തനങ്ങൾക്കു ശേഷം ഏപ്രിൽ പതിനെട്ടിന് നോയിഡയിലെ സ്കൂൾ തുറക്കുമെന്നാണ് അധികൃതർ പറഞ്ഞത്.
അതിനിടെ ഡൽഹിയിൽ കോവിഡ് വീണ്ടും പിടിമുറുക്കുകയാണെന്ന ആശങ്കയിലാണ്. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വർധിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തിൽ താഴെയായിരുന്ന ടിപിആർ തിങ്കളാഴ്ച 2.7 ശതമാനമായി ഉയർന്നു. തിങ്കളാഴ്ച 24 മണിക്കൂറിനിടെ ഡൽഹിയിൽ 5,079 സാംപിളുകൾ പരിശോധിച്ചപ്പോൾ, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്.