24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബാണാസുര ചിലപ്പനും കാട്ടുനീലിയുമടക്കം വയനാട്ടിൽ കണ്ടെത്തിയത് 177 ഇനം പക്ഷികളെ
Kerala

ബാണാസുര ചിലപ്പനും കാട്ടുനീലിയുമടക്കം വയനാട്ടിൽ കണ്ടെത്തിയത് 177 ഇനം പക്ഷികളെ


കല്‍പറ്റ: സംസ്ഥാന വനം-വന്യജീവി വകുപ്പും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്നുനടത്തിയ പക്ഷിസര്‍വേയില്‍ വയനാടന്‍ മലനിരകളില്‍ കണ്ടെത്തിയത് 177 ഇനം പക്ഷികളെ. വംശനാശഭീഷണി നേരിടുന്ന കാട്ടുപക്ഷികളിലൊന്നായ ബാണാസുര ചിലപ്പനെയും സര്‍വേയില്‍ കണ്ടെത്താനായി. വയനാടന്‍ മലനിരകളിലെ ആകാശദ്വീപുകളില്‍നിന്ന് മാത്രം 45 ഇനങ്ങളെയും കണ്ടെത്തി. സൗത്ത് വയനാട് ഡിവിഷനിലും നോര്‍ത്ത് വയനാട് ഡിവിഷനിലുമായി 18 ക്യാമ്പുകളിലാണ് സര്‍വേ നടത്തിയത്. ആകാശദ്വീപുകളില്‍ കണ്ടെത്തിയവയില്‍ അഞ്ചിനംപക്ഷികള്‍ ഈ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്നവയും ബാക്കിയുള്ളവ താരതമ്യേന ഉയരംകുറഞ്ഞ മറ്റു പ്രദേശങ്ങളിലും കാണപ്പെടുന്നവയാണ്.

സമുദ്രനിരപ്പിൽനിന്ന് 1500 മീറ്ററിന് മുകളിൽ ഉയരുമുള്ള സവിശേഷമായ ആവാസവ്യവസ്ഥ നിലനിൽക്കുന്ന പർവതശിഖരങ്ങളെയാണ് ആകാശ ദീപുകളെന്ന് വിശേഷിപ്പിക്കുന്നത്.
സംരക്ഷണംവേണം ബാണാസുര ചിലപ്പന്

രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ബാണാസുര ചിലപ്പന്റെ സ്ഥാനം. സമുദ്രനിരപ്പില്‍നിന്ന് 1800 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണ് സാധാരണയായി ഇവയുണ്ടാവുക. ലോകത്ത് ബാണാസുര ചിലപ്പന്‍ പക്ഷികളുള്ളത് ജില്ലയിലെ മൂന്ന് മലനിരകളെ കേന്ദ്രീകരിച്ചാണ്. 2500-ല്‍ താഴെയാണ് ഇവയുടെ എണ്ണം. നീലഗിരി ചോലക്കിളി, കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍, ചാരത്തലയന്‍ ബുള്‍ബുള്‍, കോഴിവേഴാമ്പല്‍, ചെഞ്ചിലപ്പന്‍, നീലഗിരി മരപ്രാവ്, കാട്ടുഞാലി, മണികണ്ഠന്‍, കാട്ടുനീലി, പതുങ്ങന്‍ ചിലപ്പന്‍, ചെറുതേന്‍ കിളി, ഗരുഡന്‍ ചാരക്കിളി, നീലത്തത്ത, ആല്‍ക്കിളി എന്നിങ്ങനെയുള്ള തദ്ദേശീയ ഇനങ്ങളെയും കണ്ടെത്തി.

സൗത്ത് വയനാട് ഡിവിഷനിലെ 14 ബേസ് ക്യാമ്പുകളില്‍നിന്ന് 146 ഇനങ്ങളെയും നോര്‍ത്ത് വയനാട് ഡിവിഷനിലെ നാലു ബേസ് ക്യാമ്പുകളില്‍നിന്ന് 92 ഇനങ്ങളെയുമാണ് കണ്ടെത്തിയത്. വന്യജീവി സംരക്ഷണനിയമത്തിന്റെ ഒന്നാം ഷെഡ്യൂളിലുള്ള 19 പരുന്തുകളും കൂട്ടത്തിലുണ്ട്. അഞ്ചിനം പ്രാവുകള്‍, ഏഴിനം മരംകൊത്തികള്‍, മൂന്നിനം ഡ്രോങ്കോകള്‍, ആറിനം ബുള്‍ബുളുകള്‍, മൂന്നിനം കാടുമുഴക്കികള്‍, എട്ടിനം പാറ്റപിടിയന്മാര്‍ എന്നിവയെയും കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യയില്‍തന്നെ അപൂര്‍വ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ക്യാമല്‍സ് ഹമ്പ് മലനിരകളെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.

രണ്ടുദിവസത്തെ ക്യാമ്പില്‍ 58 പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌ന കരീം, കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ. ജോസ്, മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി. ഹരിലാല്‍, മാനന്തവാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രമ്യ രാഘവന്‍, സത്യന്‍ മേപ്പയ്യൂര്‍, ഡോ. ആര്‍.എല്‍. രതീഷ്, വി. ഡിവിന്‍, സി. അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.ആകാശദ്വീപുകള്‍

സമുദ്രനിരപ്പില്‍നിന്ന് 1500 മീറ്ററിന് മുകളില്‍ ഉയരുമുള്ള സവിശേഷമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പര്‍വതശിഖരങ്ങളെയാണ് ആകാശ ദ്വീപുകളായി കണക്കാക്കുന്നത്. ചോല-പുല്‍വനങ്ങളുടെ സമുച്ചയങ്ങള്‍ ഈ പ്രദേശങ്ങളുടെ സവിശേഷതകളിലൊന്നാണ്. കൂടാതെ ഒട്ടേറെ തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ മലനിരകള്‍. 1500 മീറ്റര്‍ മുതല്‍ 2100 മീറ്റര്‍വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുറിച്യര്‍മല, ബാണാസുരമല, സൂര്യമുടി, ബ്രഹ്മഗിരി, ചെമ്പ്ര, വെള്ളരിമല, മണ്ടമല, അമ്പമല, വണ്ണാത്തിമല എന്നീ മലനിരകള്‍ ആകാശദ്വീപുകളില്‍ ഉള്‍പ്പെടുന്നു. വിവിധയിനം വരമ്പുകിളികള്‍, പുല്‍ക്കുരുവികള്‍, പുള്ളുകള്‍, വെള്ളിയറിയന്‍ എന്നിവയാല്‍ ആകാശദ്വീപുകള്‍ സന്പന്നമാണ്. ഇവയുടെ പ്രജനനകേന്ദ്രങ്ങളായ പുല്‍മേടുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സര്‍വേ വിലയിരുത്തുന്നു.

Related posts

ഓണം ഖാദിമേളയ്‌ക്ക്‌ തുടക്കം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കണ്ടെയ്ൻമെന്റ് സോണുകളിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കും: മന്ത്രി

Aswathi Kottiyoor

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാറിന്റെ പൂർണ പിന്തുണ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox