സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300ലധികം പേര്‍. 1300 കേസുകളും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ റെയ്ഡുകള്‍ തുടരുമ്പോഴും, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല.
ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും, അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിക്കുന്നത്. റെയ്ഡ് ആരംഭിച്ചത് 2017ലായിരുന്നു. 2019 ല്‍ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളില്‍ 50 കേസുകളും 35 അറസ്റ്റും ഉണ്ടായി. 2020 ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റുകള്‍ നടന്നതും. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ 734 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 852 ഇലക്ട്രോണിക് ഉപകരണങ്ങളാണ് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിച്ചെടുത്തത്. 2021ല്‍ രണ്ടു ഘട്ടങ്ങളായി നടത്തിയ റെയ്ഡില്‍, 450 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 61 കേസുകളും 24 അറസ്റ്റുകളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ച് ആറ് വര്‍ഷം പിന്നിടുമ്പോഴും, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം, ആയിരത്തില്‍ അധികം ഗ്രൂപ്പുകള്‍ ഇതിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കേരള സൈബര്‍ ഡോം ഇപ്പോള്‍.