കേരളത്തിലേക്കു സർവീസ് നടത്തുന്ന 16 ട്രെയിനുകൾക്ക് ഈ സാമ്പത്തിക വർഷം ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് ഉത്തരവായി. ആദ്യ ഘട്ടത്തിൽ കന്യാകുമാരി–കത്ര ഹിമസാഗർ എക്സ്പ്രസ്, ധൻബാദ്–ആലപ്പി എക്സ്പ്രസ് എന്നിവയ്ക്കു പുതിയ കോച്ചുകൾ ലഭിക്കും. രണ്ടാം ഘട്ടത്തിൽ കൊല്ലം–വിശാഖപട്ടണം, തിരുവനന്തപുരം–ഷാലിമാർ, കൊച്ചുവേളി– ഭാവ്‌നഗർ, കൊച്ചുവേളി– പോർബന്തർ, തിരുവനന്തപുരം–സിൽച്ചാർ ട്രെയിനുകൾക്കും മൂന്നാം പാദത്തിൽ തിരുവനന്തപുരം–നിസാമുദ്ദീൻ, കൊച്ചുവേളി–ഇൻഡോർ, കൊച്ചുവേളി–കോർബ, പുണെ–എറണാകുളം ബൈ വീക്ക്‌ലി, പുണെ–എറണാകുളം വീക്ക്‌ലി, മംഗളൂരു–സാന്ദ്രഗച്ചി, എറണാകുളം–ഓഖ, എറണാകുളം–പട്ന, എറണാകുളം–ബാനസവാടി എന്നിവയ്ക്കും പുതിയ കോച്ചുകൾ കിട്ടും.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന ഉത്തരേന്ത്യൻ റൂട്ടുകളിലോടുന്ന ട്രെയിനുകൾക്കു എൽഎച്ച്ബി കോച്ചുകൾ മുൻഗണനാടിസ്ഥാനത്തിൽ നൽകണമെന്ന തീരുമാനമാണ് ഈ ട്രെയിനുകളെ തുണച്ചത്. ദീർഘദൂര ട്രെയിനുകൾ എൽഎച്ച്ബിയാക്കിയ ശേഷമായിരിക്കും മറ്റു ട്രെയിനുകൾ പരിഗണിക്കുകയെന്ന് അധികൃതർ പറഞ്ഞു.
അപകടമുണ്ടായാൽ പരസ്പരം ഇടിച്ചു കയറാത്ത സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകളാണ് ഇവ.