ന്യൂഡൽഹി∙ ശ്രീരാമ നവമി ആഘോഷങ്ങൾക്കിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷം. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായത്. ഗുജറാത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
മധ്യപ്രദേശിലെ ഖാർഗോണിൽ കർഫ്യു ഏര്‍പെടുത്തി. വർഗീയ ലഹളകളുണ്ടാകാതിരിക്കാൻ ഇവിടെ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. തലാബ് ചൗക്ക് പ്രദേശത്തുനിന്ന് ഘോഷയാത്ര ആരംഭിച്ചതിനു പിന്നാലെ കല്ലേറുണ്ടായതായി അഡിഷനൽ കലക്ടർ എസ്.എസ്. മുജാൽദെ വ്യക്തമാക്കി. ഉച്ചഭാഷിണിയിൽ പാട്ടുവച്ചതിന്റെ പേരിലും സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.ഗുജറാത്തിലെ കംബത്തിൽ 65 വയസ്സുപ്രായം തോന്നിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അജീത് രജ്യൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഇടത്താണു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിലെ ഹിമ്മത് നഗറിൽ സംഘർഷത്തിനിടെ ആൾകൂട്ടം വാഹനങ്ങളും കടകളും തകർത്തു.ബംഗാളിലെ ഹൗറയിൽ സമാധാനം സ്ഥാപിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതേസമയം പൊലീസാണ് രാമനവമി ഘോഷയാത്രയെ ആക്രമിച്ചതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഹൗറയിൽ പൊലീസ് മുന്നറിയിപ്പു നൽകി. ജാർഖണ്ഡിലെ ലൊഹാര്‍ദഗയിലുണ്ടായ കല്ലേറില്‍ നിരവധി പേർക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.