നാലുവർഷത്തിനകം 1550 വില്ലേജ് ഓഫീസുകളിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഡിജിറ്റൽ സർവേയുടെ ഭാഗ്യചിഹ്നം ‘സർവേ പപ്പു’ എറണാകുളം ടൗൺഹാളിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. 56 വർഷംകൊണ്ട് 911 വില്ലേജുകളിലെ സർവേമാത്രമാണ് പൂർത്തിയാക്കാനായതെന്നും ഇതിൽ 89 വില്ലേജുകളാണ് ഡിജിറ്റലായി അളക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് നവകേരള നിർമിതിയുടെ ഭാഗമായി പൊതുഫണ്ടിൽനിന്ന് 807 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ഡിജിറ്റൽ റീസർവേക്ക് ലഭിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്‌വെയർ, റവന്യു വകുപ്പിന്റെ റിലീഫ് സോഫ്റ്റ്‌വെയർ, സർവേ വകുപ്പിന്റെ ഇ –-മാപ്പ് സോഫ്റ്റ്‌വെയർ എന്നിവ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനത്തിലൂടെയാണ് ഡിജിറ്റൽ റീസർവേ നടപ്പാക്കുക. ആറുമാസത്തിനുള്ളിൽ 200 വില്ലേജുകളിൽ പൂർത്തിയാക്കും.
ഡിജിറ്റൽ റീസർവേക്ക് ഭൂവുടമകളുടെ സഹകരണം അത്യാവശ്യമായതിനാൽ ബഹുജന പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർദൗത്യം നടപ്പാക്കുക, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വേഗത്തിൽ പരാതികൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ ഡിജിറ്റൽ സർവേ നടത്താനൊരുങ്ങുന്നത്. ഡിജിറ്റൽ റീസർവേയുടെ തീം സോങ് ഹൈബി ഈഡൻ എംപി പുറത്തിറക്കി. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, കലക്ടർ ജാഫർ മാലിക്, ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.