2007ലാണു ബാബുരാജ് കെഎസ്ആർടിസിയിൽ എത്തുന്നത്. അതിനു മുൻപും ഈ റൂട്ടുകളിലൂടെ ബസും ലോറിയും ഓടിച്ചിട്ടുണ്ട്. ചിന്നാർ കാട്ടിലൂടെ ബസ് ഓടിക്കുന്നതിനിടെ 11 തവണ പുലിയെ കണ്ടിട്ടുണ്ട്. ഈ കണ്ടുമുട്ടലിനെല്ലാം ബാബുരാജിന്റെ കയ്യിൽ കൃത്യമായ കണക്കുണ്ട്. കാരണം, ആളൊരു മൃഗസ്നേഹിയാണ്.
പടയപ്പയുമായുള്ള മുഖാമുഖത്തെപ്പറ്റി ബാബുരാജ് പറയുന്നു: ‘‘മറയൂർ മുതൽ ഒൻപതാർ ചെക്പോസ്റ്റ് വരെ വനമാണ്. ഈ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വന്യമൃഗങ്ങളെ കാണാനുള്ള സാധ്യത. ഒട്ടേറെത്തവണ പടയപ്പയെ റോഡിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ പോലും ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. രാത്രിയായാലും പകലായാലും മാറിനിന്നു വഴി തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണു ബസിൽ തന്നെ ഇരുന്നത്. അവൻ അടുത്തുവന്നു മണത്തു നോക്കി, തൊട്ടുനോക്കി, മാറിനിന്നു. രണ്ടാമത്തെ പ്രാവശ്യം കൊമ്പ് തൊട്ടപ്പോൾ ഗ്ലാസിൽ പൊട്ടലുണ്ടായി. യാത്രക്കാരുമായി ഞാൻ റിസ്ക് എടുത്തെന്നു പറയുന്നവരുമുണ്ട്. ഏതു വിഷയത്തിലും രണ്ടു പക്ഷമുണ്ടാകുമല്ലോ.’’