മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് തടയാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവിറക്കി. മെഡല്‍ വേണമെങ്കില്‍ അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. മെഡലിനായി വനിതകള്‍ക്കുള്ള മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിഗണിക്കാനും തീരുമാനിച്ചു.
പുതിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ;
മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വീസുണ്ടായിരിക്കണം. ഇതില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം. സി.പി.ഒ മുതല്‍ എസ്.ഐ വരെയുള്ളവര്‍ക്കാണ് ഈ നിബന്ധന. പേഴ്‌സണല്‍ സ്റ്റാഫിലുളളവര്‍ മെഡല്‍ നേടുന്നത് ഒഴിവാക്കും. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലില്ലായിരുന്നു. ഇനി ലോ ആന്‍ഡ് ഓര്‍ഡറില്‍ ജോലി ചെയ്യുന്ന രണ്ട് പേര്‍ക്ക് മെഡല്‍ നല്‍കും.
മെഡല്‍ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സര്‍വീസ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് ഏഴായി കുറച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിര്‍ത്തി. ഒരു വര്‍ഷം നല്‍കുന്ന മെഡലുകളുടെ എണ്ണം 285ല്‍ നിന്ന് 300 ആയി ഉയര്‍ത്താനും തീരുമാനിച്ചു.