പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും ചേർന്ന് നടത്തിയ ഏകദിന പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഏകദിന സംയുക്ത പരിശോധനയിൽ 9594 അപേക്ഷകളിലായി 10889 യാനങ്ങളും 14489 എൻജിനുകളും അപേക്ഷിച്ചതിൽ, 14332 എൻജിനുകൾ പെർമിറ്റ് യോഗ്യമാണെന്ന് കണ്ടെത്തി. 60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു. 97 എൻജിനുകൾ പരിശോധനയ്ക്ക് എത്തിയില്ല. മണ്ണെണ്ണ പെർമിറ്റിന് യോഗ്യമാണെന്നു കണ്ടെത്തിയ 14332 എൻജിനുകളുടെ ലിസ്റ്റ് അംഗീകരിച്ചാണ് പെർമിറ്റ് അനുവദിച്ചു ഉത്തരവായത്. 2015ലാണ് മണ്ണെണ്ണ പെർമിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്താൻ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഫെബ്രുവരിയിൽ നടത്തിയതെന്ന് മന്ത്രി പറഞ്ഞു.