തൃശൂർ പൂരം കോവിഡ് മാനദണ്ഡം പാലിച്ച് മികച്ച നിലയിൽ ആഘോഷിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗം തീരുമാനിച്ചു. പൂരത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ ചേയ്യേണ്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി കലക്ടർക്ക് റിപ്പോർട്ട് നൽകണം. ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല.
യോഗത്തിൽ റവന്യുമന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, തൃശൂർ മേയർ എം കെ വർഗീസ്, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, തൃശൂർ ഡിഐജി എ അക്ബർ, കലക്ടർ ഹരിത വി കുമാർ, തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.