23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, കർഫ്യൂ; ഡീസൽ നൽകി ഇന്ത്യ, അരിയും ഉടൻ.
Kerala

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, കർഫ്യൂ; ഡീസൽ നൽകി ഇന്ത്യ, അരിയും ഉടൻ.

സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന ശ്രീലങ്കയിൽ ഇന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ നാളെ രാവിലെ 6 വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വീടിനു മുന്നിലെ പ്രതിഷേധം കലാപത്തോളമെത്തിയതിനെത്തുടർന്നു വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ആരെയും വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ സൈന്യത്തിന് അധികാരം ലഭിച്ചു.

പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, ഗോട്ടബയയുടെ രാജി ആവശ്യപ്പെട്ട് പ്രചാരണം നടത്തിയ സമൂഹമാധ്യമ ഗ്രൂപ്പുകളുടെ അഡ്മിനായ അനുരുദ്ധ ബണ്ടാരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകനെ പൊലീസ് ബലംപ്രയോഗിച്ചു കൊണ്ടുപോയെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും അനുരുദ്ധയുടെ പിതാവ് പറഞ്ഞു. ഇന്ധനക്ഷാമവും വൈദ്യുതി മുടക്കവും ഉണ്ടെങ്കിലും ഇന്നലെ നഗരത്തിൽ കടകൾ തുറന്നു. പെട്രോൾ പമ്പുകളിൽ പൊലീസ് കാവലുണ്ട്.

ഇതിനിടെ, സർവകക്ഷി ദേശീയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ ഭരണമുന്നണി വിടുമെന്നു പ്രധാന സഖ്യകക്ഷികളിലൊന്നായ ഫ്രീഡം പാർട്ടി വ്യക്തമാക്കി. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് 14 എംപിമാരുള്ള പാർട്ടിയുടെ നേതാവ്. ഭരണമുന്നണിയായ ശ്രീലങ്ക പൊതുജന പെരുമനയിൽ 11 പാർട്ടികളാണുള്ളത്. 2 കക്ഷികളുടെ നേതാക്കളെ ഗോട്ടബയ ഈയിടെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയിരുന്നു. മറ്റൊരു മന്ത്രി സർക്കാരിനെ വിമർശിച്ചു രംഗത്തുവരികയും ചെയ്തു.

അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കണമെന്ന് ശ്രീലങ്കൻ ബാ‍ർ കൗൺസിലും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. ജനങ്ങൾക്കു സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നു ശ്രീലങ്കയിലെ യുഎസ് സ്ഥാനപതി ജൂലി ചങ് അഭിപ്രായപ്പെട്ടു.

ഇന്ത്യ ഡീസൽ നൽകി; അരിയും ഉടൻ

ഇന്ത്യയിൽനിന്ന് 40,000 ടൺ (3.40 കോടി ലീറ്റർ) ഡീസൽ ശ്രീലങ്കയിലെത്തി. ഇതോടെ താപവൈദ്യുതി നിലയങ്ങൾ കൂടുതൽ പ്രവർത്തിപ്പിച്ച് പവർകട്ട് കുറയ്ക്കാം. ഇന്നലെ എട്ടര മണിക്കൂറിലേറെയായിരുന്നു പവർകട്ട്. ഒന്നര മാസത്തിനിടെ 4 തവണയായി 2 ലക്ഷം ടൺ ഡീസൽ ഇന്ത്യ നൽകി. 40,000 ടൺ അരിയും ഇന്ത്യ എത്തിക്കുന്നുണ്ട്. പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ആദ്യ ഭക്ഷ്യ സഹായമാണിത്.

ഇതിനിടെ, 5500 ടൺ പാചകവാതകവുമായി ശ്രീലങ്കൻ തീരത്തെത്തിയ കപ്പൽ മടങ്ങിപ്പോയി. ഇറക്കുമതി ചെയ്ത കമ്പനിക്കു ബാങ്കുകളിൽനിന്നു ഡോളർ സമാഹരിക്കാനാകാതെ വന്നതാണു കാരണം.

Related posts

പൊതുസ്ഥലത്തെ പരിപാടികൾ ; സംഘടനകൾ മാലിന്യം തരംതിരിച്ച് കൈമാറണം ; നിർദേശം മാലിന്യമുക്ത കേരളം നിയമാവലിയിൽ

Aswathi Kottiyoor

രാജവെമ്പാലയെ പിടികൂടി

Aswathi Kottiyoor

‘വിശുദ്ധ വന’ങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു.

Aswathi Kottiyoor
WordPress Image Lightbox