കണ്ണൂർ: കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കശുവണ്ടി സംഭരണത്തിലും കർഷകരെ സർക്കാർ വഞ്ചിച്ചു.
കശുവണ്ടി സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന കയ്യൂർ സഹകരണ ബാങ്ക് കർഷകരിൽനിന്ന് 95 രൂപയ്ക്കാണ് കശുവണ്ടി സംഭരിക്കുന്നത്. പൊതുമാർക്കറ്റിൽ 115 രൂപവരെ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് കാഷ്യു ഡവലപ്മെന്റ് കോർപറേഷനും കാപെക്സും 95 രൂപയ്ക്ക് സംഭരിക്കാൻ തുടങ്ങിയതോടെ വിലയിടിഞ്ഞ് 98 രൂപയായി. കശുവണ്ടി സംഭരണത്തിലും സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് കാഷ്യു സെൽ ചെയർമാൻ ജോസ് പൂമല ആരോപിച്ചു.
ആവശ്യമായ കശുവണ്ടി ഉത്പാദിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നു പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി.രാജീവ് കശുവണ്ടി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിനോടൊപ്പം കശുവണ്ടി ഉത്പാദിപ്പിക്കുന്ന കർഷകരെക്കൂടി പരിഗണിക്കേണ്ടതായിരുന്നു. ആറളം ഫാമി
ലെയും ചീമേനി ഫാമിലെയും കശുവണ്ടി വില കുറച്ച് വാങ്ങിക്കാൻ കാഷ്യു ഡവലപ്മെന്റ് കോർപറേഷനും കാപെക്സും പദ്ധതിയിട്ടപ്പോൾ അതിന്റെ നഷ്ടം പാവപ്പെട്ട കശുവണ്ടി കർഷകർക്കാണുണ്ടായത്.
കശുവണ്ടി ഉത്പാദന മേഖലയിലൊന്നും സഹകരണ ബാങ്കുകൾ സംഭരണം തുടങ്ങിയിട്ടില്ല. അതിനാൽ സംഭരണം എല്ലാ മേഖലകളിലും തുടങ്ങി വില കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തണമെന്നും ജോസ് പൂമല സർക്കാരിനോട് ആവശ്യപ്പെട്ടു.