കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരംഭങ്ങളിലൂടെ പണം കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാൻ ശേഷിയുള്ളവയായി മാറണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കണ്ണൂർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ കാലത്തും സർക്കാരിന്റെ പ്ലാൻ ഫണ്ട് മാത്രം ആശ്രയിച്ച് നിൽക്കരുത്. ആ കാലം അവസാനിക്കാൻ പോവുകയാണ്. കേരളത്തിലെ ഗ്രാമപഞ്ചായത്ത് മുതലുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. കണ്ണൂരിൽ വരുന്ന ആരും കണ്ടിരിക്കേണ്ട ആസ്ഥാന മന്ദിരമായി കോർപറേഷൻ ഓഫീസ് ഉയർന്നുവരുമെന്നും മന്ത്രി പറഞ്ഞു.
25.6 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ട് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ ഒന്നര വർഷം കൊണ്ട് കെട്ടിടം പൂർത്തീകരിക്കും. പഴയ ടൗൺ ഹാൾ നിന്നിരുന്ന സ്ഥലത്ത് ആകെ അഞ്ചു നിലകളുള്ള കെട്ടിടത്തിൽ രണ്ട് നിലകൾ പൂർണമായും പാർക്കിംഗിനായി മാറ്റിവയ്ക്കും. ഭാവിയിൽ മൂന്ന് നിലകൾ കൂടി നിർമിക്കാൻ പറ്റുന്ന രീതിയിലാണ് ഫൗണ്ടേഷൻ ഒരുക്കുന്നത്. 8521.86 ച. മീറ്ററാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണം. 100 കൗൺസിലർമാരെ ഉൾക്കൊള്ളാവുന്ന ആധുനിക രീതിയിലുള്ള കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ ഉണ്ടാകും.
മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി. സുമേഷ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷമീമ,പി.ഇന്ദിര, ഷാഹിന മൊയ്തീൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, സിയാദ് തങ്ങൾ, സുരേഷ്ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ. സുകന്യ, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ, സി. സീനത്ത്, മുൻ എംഎൽഎ എം. പ്രകാശൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഐയുഎംഎൽ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ പങ്കെടുത്തു.
previous post