വീണ്ടും ഇരുട്ടടിയായി ഇന്ധനവിലവർധന. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും പെട്രോൾ, ഡീസൽ എന്നിവയ്ക്കു പകരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതിവാതകത്തിനും (സിഎൻജി) വില കൂട്ടി. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ, ഡീസൽ വിലയും വർധിച്ചു.
ഒരു സിലിണ്ടറിന് 256 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. കിലോയ്ക്ക് 71 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇനി 80 രൂപ നല്‍കണം.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 112.25 രൂപയും ഡീസലിന് 99.22 രൂപയുമായി.
വാണിജ്യ പാചകവാതക സിലിണ്ടറിന് കൊച്ചിയിൽ 2,256 രൂപയായി. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയിലാണ് വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ 36 രൂപയും നവംബറിൽ 266 രൂപയും ഡിസംബറിൽ 101 രൂപയും കഴിഞ്ഞ മാര്‍ച്ച് ഒന്നിന് 106.50 രൂപയും വാണിജ്യ പാചകവാതക സിലിണ്ടറിന് കൂട്ടിയിരുന്നു. പലതവണ കൂട്ടിയ വീടുകളിലെ പാചകവാതക വില അടുത്തിടെ സിലിണ്ടറിന് 50 രൂപ വീണ്ടും കൂട്ടിയിരുന്നു.
അഞ്ചു വര്‍ഷത്തേക്ക് സിഎന്‍ജിക്ക് വിലവര്‍ധന ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. സിഎന്‍ജി വാഹനങ്ങൾ ഉപയോഗിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വിലവര്‍ധന പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പതു തവണ പെട്രോൾ, ഡീസൽ വില ഉയർത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണവില കുറയുന്പോഴാണ് ഇന്ത്യയിൽ ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടുന്നത്.