മുല്ലപ്പെരിയാർ കേസിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം നിലവിൽവന്ന ദേശീയ ഡാം സുരക്ഷാ നിയമപ്രകാരം മുല്ലപ്പെരിയാറിന്റെ മേൽനോട്ടം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ പരിധിയിൽ വരുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയിൽ വാദിച്ചു. തുടർന്ന് പുതിയ നിയമം നിലവിൽ വന്നശേഷം അത് നടപ്പാക്കാൻ ചെയ്‌ത കാര്യങ്ങൾ രേഖാമൂലം അറിയിക്കാൻ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് ഏപ്രിൽ അഞ്ചിലേക്കു മാറ്റി.
വാദത്തിനിടെ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കമെന്ന കേരളത്തിന്റെ വാദത്തോട് തമിഴ്‌നാടും യോജിച്ചു. ഇരുസംസ്ഥാനങ്ങളുടെയും സംയുക്തയോഗം ചേർന്ന കാര്യം കേരളത്തിന്റെ അഭിഭാഷകൻ ജി പ്രകാശ് കോടതിയെ ധരിപ്പിച്ചു. അണക്കെട്ടിന്റെ ബലപ്പെടുത്തലും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും നിലവിൽ നടക്കുന്നില്ലെന്ന് പറഞ്ഞ അഡീഷണൽ സോളിസിറ്റർ ജനറൽ തുടർന്നാണ് മേൽനോട്ടം കേന്ദ്രത്തിന്റെ പരിധിയിൽ വരുമെന്ന വാദം ഉന്നയിച്ചത്.