കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി ഒപി തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. സർക്കാർ തീരുമാനപ്രകാരം വിദഗ്‌ദ പ്ലാസ്റ്റിക്ക് സർജ്ജനായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ സി പി സാബു പരിയാരത്ത് ചുമതലയേറ്റ സാഹഹര്യത്തിലാണ് പുതിയ തീരുമാനം. ആശുപത്രിയിലെ രണ്ടാം നിലയിലുള്ള ജനറൽ സർജറി ഒപിക്ക് സമീപത്തായാണ് പ്ലാസ്റ്റിക് സർജറി ഒപിയും സജ്ജീകരി ച്ചിരിക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഡോക്‌ടറുടെ സേവനം ലഭ്യമാവുക. മറ്റ് ദിവസങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസും ശസ്‌ത്രക്രിയയും നടക്കും.
കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരത്തേ ആശുപത്രി സന്ദർശിച്ചപ്പോൾ പ്രഖ്യാപിച്ചിരുന്നു. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് എന്ന പരിഗണന പ്രത്യേകമായി നൽകിക്കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം ഉടൻ കൈക്കൊണ്ടത്. തുടർന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിച്ച് സർക്കാർ ഉത്തരവായി. പിന്നാലെ ഡോക്ടറുടെ സേവനവും സർക്കാർ ലഭ്യമാക്കി. നിലവിൽ ചുമതലയേറ്റ ഡോക്‌ടർക്ക് പുറമേ ഒരു ഡോക്‌ടറുടെ സേവനം കുടി സമീപഭാവിയിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ലഭിക്കും. ഇതിനായുള്ള തസ്തികമാറ്റവും സർക്കാർ ഉത്തരവിന്റെ ഭാഗമാണ്. മാത്രമല്ല, കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ നിലവിലെ പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ, പ്ലാസ്റ്റിക് സർജറി വിഭാഗ ത്തിലെ സംസ്ഥാനത്തെ സീനിയറായ പ്രൊഫസറാണ്.
വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കുപറ്റി ചികിത്സ തേടിയെത്തുന്നവരിൽ നിരവധി പ്പേർ പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. അവർക്ക് ഗോൾഡൻ അവറിൽത്തന്നെ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങൾ പുനഃസ്ഥാപി ക്കുന്നതിന് പ്രധാനമാണ്. ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികൾ ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട സ്ഥിതിക്ക് കൂടിയാണ് പരിയാരത്ത് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതോടെ മാറ്റം വരുന്നത്. ഇതോടെ, പ്ലാസ്റ്റിക്ക് സർജറി ചികിത്സ കടം കയറാതെ സാധാര ണക്കാർക്കും ലഭ്യമാകുന്ന സ്ഥിതിയുണ്ടാകുമെന്നും കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പി ജി കോഴ്‌സുകൾ ആരംഭിക്കുക എന്നതാണ് മുന്നിലുള്ള അടുത്ത ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ ഡോ: കെ അജയകുമാർ അറിയിച്ചു.