ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ അപ്പീലിന് പോകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകി. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ തന്നെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ ഹർജി സമർപ്പിക്കും.
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപിക്കപ്പെട്ട കുറ്റത്തിൽ ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2018 ജൂണ്‍ 28ന് രജിസ്റ്റർ ചെയ്ത കേസിൽ 105 ദിവസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.