22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പണിമുടക്ക് ഏശിയില്ല; റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ അരലക്ഷം പേർ.
Kerala

പണിമുടക്ക് ഏശിയില്ല; റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ അരലക്ഷം പേർ.


തിരുവനന്തപുരം ∙ പൊതു പണിമുടക്കിന് സർക്കാർ അനുകൂല സാഹചര്യം ഒരുക്കിയിട്ടും ആദ്യദിനമായ തിങ്കളാഴ്ച അര ലക്ഷത്തിലേറെ പേർ റേഷൻകടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തി. ഏഴായിരത്തോളം റേഷൻ കടകൾ പ്രവർത്തിച്ചതായാണ് അനൗദ്യോഗിക കണക്ക്.പണിമുടക്കിൽ പങ്കെടുക്കാത്ത റേഷൻ വ്യാപാരികളുടെ പ്രധാന സംഘടനകളിലെ അംഗങ്ങൾ കടകൾ തുറന്നതോടെയാണു സംസ്ഥാനത്തെ പകുതിയോളം കടകൾ പ്രവർത്തിച്ചത്. ഇവയിൽ നിന്നായി 59,691 കാർഡ് ഉടമകളാണു റേഷൻ വാങ്ങിയത്. ഇതോടെ 92.19 ലക്ഷം കാർഡ് ഉടമകളിൽ 60.28 ലക്ഷം പേർ (65.38%) ഈ മാസം ഇതുവരെ റേഷൻ വിഹിതം കൈപ്പറ്റി.

പണിമുടക്കു മൂലം കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതു പരിഗണിച്ച് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയപ്പോൾ 2.47 ലക്ഷം പേർ റേഷൻ വാങ്ങിയിരുന്നു. പതിനാലായിരത്തോളം കടകളിൽ രണ്ടായിരത്തിൽപ്പരം കടകൾ റേഷൻ വ്യാപാരികളുടെ രണ്ടു സംഘടനകൾ പ്രഖ്യാപിച്ച സമരം കാരണം തുറന്നില്ല. പ്രവർത്തിക്കാത്ത കടകളുടെ വിവരം ശേഖരിക്കുന്നതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചിരുന്നു.

ജില്ലാ സപ്ലൈ ഓഫിസർമാർ വഴി ബുധനാഴ്ചയോടെ കണക്കു ലഭിക്കും. തുടർന്ന് ഇവയ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നാണു സൂചന. ഞായറാഴ്ച റേഷൻ വിതരണത്തിന്റെ കണക്കും തുറന്ന കടകളുടെ എണ്ണവും മറ്റും പത്രക്കുറിപ്പായി നൽകിയ പൊതുവിതരണ വകുപ്പ്, പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച എത്ര കടകൾ തുറന്നുവെന്ന വിവരം വെളിപ്പെടുത്തിയില്ല. ഔദ്യോഗിക വെബ്സൈറ്റ് സംവിധാനത്തിലെ കണക്കുകൾ പരിശോധിച്ചാണ് വിവരങ്ങൾ ലഭ്യമായത്. പണിമുടക്കിനു മുന്നോടിയായി കടകൾ ഞായറാഴ്ച തുറക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും എതിർപ്പുമായി രംഗത്തുവന്നത്. പണിമുടക്ക് ദിവസങ്ങളിൽ കട തുറക്കാൻ സർക്കാർ സഹായിക്കണമെന്നും ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു സംഘടനകളുടെ നിലപാട്.

പണിമുടക്കു കാരണം കടകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുന്നതു പരിഗണിച്ച് ഞായറാഴ്ച റേഷൻ കടകൾ തുറക്കാൻ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയതു വിവാദമായി. പണിമുടക്കിന് അനുകൂല സാഹചര്യം സർക്കാർതന്നെ സൃഷ്ടിച്ചുവെന്ന വിമർശനങ്ങളാണ് ഉയരുന്നത്. മാസത്തിന്റെ അവസാന ആഴ്ചയിലാണു പൊതുവെ റേഷൻ സാധനങ്ങൾ വാങ്ങാൻ കടകളിൽ തിരക്ക് വർധിക്കുക. മാസാദ്യംതന്നെ കടകളിൽ സാധനങ്ങൾ എത്തിക്കാൻ വൈകുന്നതാണ് ഇതിനു കാരണം. ഈ മാസവും ഇതാണു സ്ഥിതി.

Related posts

അ​ടു​ത്ത നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ

Aswathi Kottiyoor

റവന്യൂ വകുപ്പിൽ പരാതി പരിഹാരം കൂടുതൽ വേഗത്തിലാക്കും: മന്ത്രി കെ രാജൻ

Aswathi Kottiyoor

കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു.

Aswathi Kottiyoor
WordPress Image Lightbox