• Home
  • Kerala
  • വരുന്നത് കൊടുംവേനല്‍; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍
Kerala

വരുന്നത് കൊടുംവേനല്‍; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍

കൊടുംവരള്‍ച്ചയുടെ സൂചന നല്‍കി സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുമ്പോള്‍ ക്ഷീര മേഖലയിലും ആശങ്ക കനക്കുന്നു. ചൂട് കടുത്തതോടെ പാലുല്‍പാദനവും പ്രതിസന്ധിയില്‍. അരുമ മൃഗങ്ങളില്‍ പ്രത്യേക പരിചരണം വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്.

ജലക്ഷാമത്തിനുള്‍പ്പെടെ വഴിവെച്ച് ചൂട് കടുത്തതോടെ സംസ്ഥാനത്തെ ക്ഷീര മേഖലയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂട് കൂടിയതോടെ പാലുല്‍പാദനത്തിലുള്‍പ്പെടെ കുറവ് അനുഭവപ്പെടുന്നുണ്ട്. പാടങ്ങള്‍ പലതും വരണ്ടുണങ്ങുമ്പോള്‍ പച്ചപ്പുല്ലിന്റെ ക്ഷാമവും വെള്ളത്തിന്റെ ലഭ്യതകുറവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പശുവളര്‍ത്തലുമായി ഉപജീവനം നടത്തുന്നവര്‍ക്ക് അവശ്യത്തിന് പുല്ലും വെള്ളവും കിട്ടാത്ത സാഹചര്യത്തില്‍ പാലുല്‍പാദനത്തെയാണ് ബാധിച്ചിരിക്കുന്നത്. കൂടിയ താപനിലയും വരണ്ട കാലാവസ്ഥയും സങ്കരയിനം കന്നുകാലികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്.

ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍കാലത്ത് വെള്ളത്തിലും തീറ്റയിലും പെട്ടെന്നുണ്ടായ വ്യതിയാനം ശ്രദ്ധിക്കണമെന്നും അത്യാവശ്യമെങ്കില്‍ പടിപടിയായി തീറ്റയില്‍ മാറ്റം വരുത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വേനല്‍ക്കാല തീറ്റയില്‍ ഊര്‍ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാന്‍ പരുത്തിക്കുരു, സോയാബീന്‍ എന്നിവ ഉള്‍പ്പെടുത്തണം. പച്ചപ്പുല്ല് കുറവാണെങ്കില്‍ പച്ചിലകള്‍, ഈര്‍ക്കിള്‍ കളഞ്ഞ ഓലയും നല്‍കണം.

ധാതുലവണങ്ങളും വിറ്റാമിന്‍ മിശ്രിതവും തീറ്റയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം. വെയിലത്ത് തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നല്ല തണലുള്ള സ്ഥലത്ത് കെട്ടിയിട്ട് കുടിവെള്ളം നല്‍കണമെന്നുമാണ് നിര്‍ദേശം. അമിതമായി ഉമിനീരൊലിപ്പിക്കല്‍, തളര്‍ച്ച, പൊള്ളല്‍ തുടങ്ങി സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ക്ക് ഉടനടി ചികിത്സ തേടണം. തൊഴുത്തിലെ ചൂട് കുറക്കാന്‍ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കാവുന്ന ഫാന്‍ എന്നിവയും ഉപയോഗിക്കാം. തൊഴുത്തിലെ വായുസഞ്ചാരം സുഗമമാക്കാന്‍ വശങ്ങള്‍ മറച്ച് കെട്ടാതെ തുറന്നിടണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിര്‍ദേശം.പന്നി, കോഴി, ആട് തുടങ്ങിയ മൃഗങ്ങള്‍ക്കും വേനല്‍ക്കാലത്തെ പ്രത്യേക പരിചരണം ആവശ്യമാണ്.

Related posts

കൊവിഡ് 19 മൊബൈൽ വാക്‌സിനേഷൻ സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

തോപ്പുംപടി ഹാര്‍ബര്‍ നവീകരണം: ടെൻഡർ ഈമാസം

Aswathi Kottiyoor

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox