ഓരോ ദേശീയ പണിമുടക്ക് നടക്കുമ്ബോഴെല്ലാം പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് കേരളത്തിലും ബംഗാളിലും മാത്രമാണ് ഇവ നടക്കുന്നത് എന്ന്.
മറ്റ് സംസ്ഥാനങ്ങളിലെ റോഡുകളിലെ സ്വകാര്യ വാഹനങ്ങളുടെ കണക്കുകളെടുത്താണ് ഈ വാദം പൊതുവേ ഉയര്‍ന്നുവരാറുള്ളത്. എന്നാല്‍ ദേശീയ പണിമുടക്കുകളെല്ലാം രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നാണ് അസോസിയേറ്റഡ് ചേമ്ബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ( അസോച്ചം) പറയുന്നത്.
2015ലെ ദേശീയ പണിമുടക്ക് രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയ്ക്ക് 25000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് അസോച്ചം പറഞ്ഞിരുന്നു. 2016ല്‍ 26000 കോടി രൂപയും. വര്‍ഷങ്ങള്‍ കഴിഞ്ഞ് 2022ലെത്തിയപ്പോള്‍ തൊഴിലാളികളുടെ പണിമുടക്ക് എത്ര കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വരും ആഴ്ചകളില്‍ അസോച്ചം കണക്കുകള്‍ പറയും.
മറ്റ് സംസ്ഥാനങ്ങളില്‍ മോട്ടോര്‍ തൊഴിലാളികളേക്കാള്‍ കൂടുതല്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഫാക്ടറി തൊഴിലാളികളാണ്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ സജീവമാണ്. അത് കൊണ്ട് തന്നെ ഫാക്ടറികളിലെല്ലാം ഉത്പാദനം മുടങ്ങുന്ന അവസ്ഥയുണ്ട്. ഇത് കൂടാതെ ബാങ്കിംഗ് തൊഴിലാളികളും ടൂറിസം, മറ്റ് സേവന രംഗത്തെ തൊഴിലാളികളും പണിമുടക്കില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
സംഘടിത- അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തിവയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.