നഗരത്തിലെ വിവിധ റോഡുകളിൽ എൽ എന്ന അടയാളം രേഖപ്പെടുത്തിയത് നാട്ടുകാർക്കിടയിൽ ആശങ്ക പരത്തി. അതേസമയം, ഡ്രോൺ സർവേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. രാത്രിയിലായിരുന്നു റോഡുകളിൽ എൽ അടയാളം രേഖപ്പെടുത്തിയത്. അസമയത്തുള്ള എൽ അടയാളം കണ്ട് നാട്ടുകാർ പേടിച്ചു.
കെ– റെയിൽ കല്ലിടൽ വ്യാപകമായതിനാൽ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. ആരാണ് ഇത് വരച്ചതെന്ന് അറിയാൻ കോർപറേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പക്ഷേ, അവർക്കും അറിയില്ലായിരുന്നു. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലർ കാര്യമറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഡ്രോൺ സർവേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോൺ കാമറയിൽ തെളിയാൻ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൊലീസിന്റെ വിശദീകരണത്തോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.