24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അന്താരാഷ്‌‌ട്ര സർവീസ്‌ വീണ്ടും തുടങ്ങി
Kerala

അന്താരാഷ്‌‌ട്ര സർവീസ്‌ വീണ്ടും തുടങ്ങി

കോവിഡ്‌ മൂലം രണ്ടുവർഷത്തോളമായി മുടങ്ങിയ അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിച്ചു. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 63 രാജ്യങ്ങളിലേയ്‌ക്കും തിരിച്ചും ആറ്‌ ഇന്ത്യൻ വിമാന കമ്പനികളും 60 വിദേശ കമ്പനികളും ഞായർ മുതൽ സർവീസ്‌ തുടങ്ങി. വേനൽകാല ഷെഡ്യൂൾ പ്രകാരം വിദേശ കമ്പനികൾ ആഴ്‌ചയിൽ 1783 സർവീസുകളും ഇന്ത്യൻ കമ്പനികൾ 1466 സർവീസുകളുമാണ്‌ നടത്തുക. ഇന്ത്യൻ വിമാനങ്ങൾക്ക്‌ 27 രാജ്യങ്ങളിലെ 43 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ്‌ നടത്താം.

യുഎഇ, കുവൈറ്റ്‌, സിങ്കപ്പൂർ, തായ്‌ലാൻഡ്‌, ശ്രീലങ്ക, ഖത്തർ, മാലിദ്വീപ്‌, ഒമാൻ, സൗദി, നേപ്പാൾ, ബംഗ്ലാദേശ്, തുർക്കി, മലേഷ്യ, യുകെ , ഫ്രാൻസ്, കെനിയ, ജർമ്മനി, യുഎസ്എ, കാനഡ, മ്യാൻമർ, ഓസ്‌ട്രേലിയ, ഇസ്രായേൽ , ബഹ്റൈൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ഹോങ്കോംഗ്, റഷ്യ എന്നിവയാണ്‌ പട്ടികയിലുള്ളത്‌. ഇൻഡിഗോ 505 സർവീസും എയർഇന്ത്യ 361 സർവീസും എയർഇന്ത്യ എക്‌സ്‌പ്രസ്‌ 340 സർവീസുമാണ്‌ നടത്തുക. മാർച്ച്‌ 27 മുതൽ ഒക്‌ടോബർ 29 വരെയാണ്‌ വേനൽകാല ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്‌. കോവിഡിനു മുമ്പ്‌ ആഴ്‌ചയിൽ 4,700 സർവീസുകളാണ്‌ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന്‌ നടത്തിയിരുന്നത്‌.

കഴിഞ്ഞയാഴ്‌ച വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡ പ്രകാരം ക്യാബിൻ ക്രൂവിന്‌ പിപിഇ കിറ്റ്‌ ഒഴിവാക്കിയിട്ടുണ്ട്‌. മൂന്ന്‌ സീറ്റുകൾ മെഡിക്കൽ എമർജൻസിക്കായി ഒഴിച്ചിടണമെന്ന നിബന്ധനയും ഒഴിവാക്കി. എന്നാൽ മാസ്‌കും ശരീരിക അകലം പാലിക്കലും നിർബന്ധമായി തുടരും. യാത്രയ്‌ക്കിടെ രോഗലക്ഷണം ആർക്കെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗിക്കേണ്ട പിപിഇ കിറ്റും മറ്റ്‌ സംവിധാനങ്ങളും കരുതുകയും വേണം. 2020 മാർച്ചിലാണ്‌ കോവിഡ്‌ വ്യാപനം മുൻനിർത്തി ഇന്ത്യ അന്തർദേശീയ സർവീസുകൾ റദ്ദാക്കിയത്‌.

Related posts

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ്രവാസിമലയാളികൾ നിക്ഷേപിക്കും 500 കോടി

Aswathi Kottiyoor
WordPress Image Lightbox