മൂന്നു ദിവസമായി തുടരുന്ന സ്വകാര്യ ബസ് പണിമുടക്കിൽത്തന്നെ ജനം വലയുന്നതിനിടെയാണ് ഞായറാഴ്ച രാത്രി 12 മുതൽ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് കൂടി വരുന്നത്. ഇതോടെ ജനത്തിന്‍റെ ദുരിതം ഇരട്ടിയാകുമെന്നാണ് കരുതുന്നത്.
ബാങ്കുകൾ നാലു ദിവസത്തേക്കു പ്രവർത്തിക്കുകയില്ലെന്നു നേരത്തെ തന്നെ വ്യക്തമായിക്കഴിഞ്ഞു. രണ്ടു ദിവസം പണിമുടക്ക് വരുന്നതിനാൽ സഹകരണ ബാങ്കുകളോട് ഇന്നും നാളെ പ്രവർത്തിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്.
ദേശീയ പണിമുടക്കുകൾ പലതും മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തപ്പോൾ കേരളത്തെ സന്പൂർണമായി സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്. സ്വകാര്യ വാഹനങ്ങളും സമരത്തിൽ പങ്കുചേരുമെന്നു പറഞ്ഞു സമര സമിതി കേരളത്തെ സ്തംഭിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് സമരത്തിൽ അണിനിരക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ അടക്കം അടഞ്ഞുകിടക്കുമെന്നാണ് കരുതുന്നത്.
കോവിഡ് മഹാമാരിയിൽനിന്ന് അല്പമൊന്നു കരകയറി വരുന്നതിനിടയിലാണ് ഇരുട്ടിപോലെ 48 മണിക്കൂർ നീളുന്ന പൊതുപണിമുടക്ക് എത്തിയിരിക്കുന്നത്. മൂന്നു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പരിഹരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നീക്കങ്ങളും നടത്തിയിട്ടില്ല. സമര സമിതിയുമായി ഏതെങ്കിലും വിധത്തിലുള്ള ചർച്ചയ്ക്കും തയാറായിട്ടില്ല. കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും അത്തരമുള്ള യാതൊരു നീക്കവും ഉണ്ടായില്ല. ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്തതാണെന്നും ഇനി ചർച്ച ചെയ്യാൻ ഒന്നുമില്ലെന്നുമാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിലപാട്. സമരം നടത്തിയാലും ഇല്ലെങ്കിലും ബസ് ചാർജ് കൂട്ടും, പക്ഷേ, അത് എന്നു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. എടുത്തു ചാടി വർധിപ്പിക്കേണ്ടതല്ല ബസ് നിരക്ക്. പല ഘടകങ്ങൾ ഇതിൽ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു.