28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇറ്റലി ഖത്തർ ലോകകപ്പിനില്ല; നോർത്ത് മാസിഡോണിയയോടു തോറ്റ് പുറത്ത്!.
Kerala

ഇറ്റലി ഖത്തർ ലോകകപ്പിനില്ല; നോർത്ത് മാസിഡോണിയയോടു തോറ്റ് പുറത്ത്!.

ഒരിക്കൽക്കൂടി ഇറ്റലി പടിക്കൽ കലമുടച്ചു! ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇൻജറി ടൈമിൽ അലക്സാണ്ടർ താജ്കോവ്സ്കിയാണ് നോർത്ത് മാസിഡോണിയയുടെ വിജയഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇറ്റലി ദുർബലരായ എതിരാളികളോട് പരാജയപ്പെട്ടത്.പ്ലേഓഫ് ഫൈനൽസിൽ കരുത്തരായ പോർച്ചുഗലാണ് നോർത്ത് മാസിഡോണിയയുടെ എതിരാളികൾ. ആദ്യ പ്ലേഓഫിൽ തുർക്കിയെ വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അകലെയെത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ വീഴ്ത്തിയത്. ഒട്ടാവിയോ (15), ഡീഗോ ജോട്ട (42), മാത്യൂസ് നൂനസ് (90+4) എന്നിവരാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. തുർക്കിയുടെ ആശ്വാസ ഗോൾ 65–ാം മിനിറ്റിൽ ബുറാക് യിൽമാസ് നേടി. അതേസമയം, 85–ാം മിനിറ്റിൽ തുർക്കിക്ക് ലഭിച്ച പെനൽറ്റി പാഴാക്കി തിരിച്ചുവരവിനുള്ള നേരിയ സാധ്യത നഷ്ടമാക്കി യിൽമാസ് അവരുടെ ദുരന്ത നായകനുമായി.നേരത്തെ, 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാനായിരുന്നില്ല. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായിരുന്നു. യൂറോ കപ്പ് ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു ഇറ്റലിയുടെ കിരീടനേട്ടം. യൂറോകപ്പ് നേടി വെറും എട്ടു മാസം പിന്നിടുമ്പോഴാണ് നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തുപോകുന്നത്. ഫലത്തിൽ യൂറോപ്യൻ ചാംപ്യൻമാരില്ലാതെയാകും ഇത്തവണ ഖത്തർ ലോകകപ്പിൽ പന്തുരുളുക. മാത്രമല്ല, ലോകകപ്പ് വേദിയിൽ ഇറ്റലിയെ കാണാൻ കുറഞ്ഞത് 12 വർഷം കാത്തിരിക്കേണ്ട ഗതികേടിലായി അവരുടെ ആരാധകർ!

മറ്റു പ്ലേ ഓഫ് പോരാട്ടങ്ങളിൽ വിജയം നേടിയ സ്വീഡനും വെയ്ൽസും ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അരികിലെത്തി. ആദ്യ പ്ലേഓഫ് സെമിയിൽ കരുത്തരായ ഓസ്ട്രിയയെ വീഴ്ത്തിയാണ് വെയ്ൽസ് ആദ്യ റൗണ്ട് വിജയകരമായി പിന്നിട്ടത്. ക്യാപ്റ്റൻ ഗാരത് ബെയ്‍ൽ ഇരട്ടഗോളുമായി മിന്നിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെയ്‍ൽസ് ഓസ്ട്രിയയെ വീഴ്ത്തിയത്. 25, 51 മിനിറ്റുകളിലായിരുന്നു ബെയ്‍ലിന്റെ ഗോളുകൾ. ഓസ്ട്രിയയുടെ ആശ്വാസഗോൾ 64–ാം മിനിറ്റിൽ മാർസൽ സാബിറ്റ്സർ നേടി. യുക്രെയ്ൻ – സ്കോട്‌ലൻഡ് പ്ലേഓഫ് സെമി വിജയികളുമായാണ് ലോകകപ്പ് യോഗ്യതയ്ക്കായി വെയ്‍ൽസ് അവസാന റൗണ്ടിൽ മത്സരിക്കു. യുക്രെയ്ൻ – സ്കോട്‌ലൻഡ് പ്ലേഓഫ് സെമി തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. പ്ലേഓഫ് ഫൈനൽസിൽ ജയിച്ചാൽ 58 വർഷത്തെ ഇടവേളയ്ക്കു ശേഷമാകും വെയ്ൽസ് ലോകകപ്പ് കളിക്കുക.മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയാണ് സ്വീഡൻ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അകലെ എത്തിയത്. അധിക സമയത്ത് 110–ാം മിനിറ്റിൽ റോബിൻ ക്വയ്സനാണ് സ്വീഡന്റെ വിജയഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞതോടെയാണ് വിജയികളെ കണ്ടെത്താൻ അധിക സമയം അനുവദിച്ചത്. പ്ലേഓഫ് ഫൈനൽസിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് സ്വീഡന്റെ എതിരാളികൾ. യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ റഷ്യയെ വിലക്കിയതോടെ, പ്ലഓഫ് സെമി കളിക്കാതെ തന്നെ പോളണ്ട് ഫൈനൽസിന് യോഗ്യത നേടുകയായിരുന്നു.

Related posts

പെന്‍ഷന്‍ വിതരണം ഇന്ന്മുതല്‍; പൊതുമേഖല ജീവനക്കാര്‍ക്ക് ബോണസും

Aswathi Kottiyoor

ക്ഷേമ പെൻഷൻ: 96.37% പേർ മസ്റ്ററിങ് പൂർത്തിയാക്കി

Aswathi Kottiyoor

സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം പകുതിയായി കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox