പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. സിൽവർലൈന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പ്രതിഷേധ സമരം കടുപ്പിക്കുന്നതിനിടയിൽ പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. ഇന്നു രാവിലെ 11നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണു പ്രധാനം. കെ-റെയിൽ പദ്ധതിക്കു പഠനം നടത്താനുള്ള പ്രാഥമികാനുമതി മാത്രമാണ് ഇതുവരെ കേന്ദ്രത്തിൽ നിന്നു ലഭിച്ചിട്ടുള്ളത്. എന്നാൽ, ഭൂമി ഏറ്റെടുക്കാനുള്ള സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്.
ഇതിനെതിരേയാണ് സംസ്ഥാന വ്യാപക പ്രതിഷേധം കനക്കുന്നത്. യുഡിഎഫും ബിജെപിയും സമരം ഏറ്റെടുത്തതിനു പിന്നാലെയാണ് കെ-റെയിൽ പദ്ധതിക്ക് അനുമതി തേടി പിണറായി വിജയൻ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും സമീപിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി കെ-റെയിൽ എംഡി അജിത്കുമാർ കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹിയിലുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി അടക്കം നേടിയെടുക്കുകയാണു ലക്ഷ്യം.
മൂന്നു ദിവസം നീളുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഡൽഹിയിലെത്തിയ പിണറായി വിജയൻ തിങ്കളാഴ്ചയേ സംസ്ഥാനത്തേക്കു മടങ്ങൂ.