പ്രമേഹരോഗത്തിനെതിരേയുള്ള പ്രധാന രാസമൂലകമായ ലിനാഗ്ലിപ്ടിനും പേറ്റന്റ് കുരുക്കിൽനിന്ന് പുറത്തേക്ക്. ഇതിന്റെ വെളിച്ചത്തിൽ ലിനാഗ്ലിപ്ടിൻ ചേർന്ന എട്ട് മരുന്നുസംയുക്തങ്ങൾക്ക് വിലയിൽ വലിയ കുറവ് വരും. ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ വിദഗ്‌ധസമിതിയാണ് ശുപാർശ മുന്നോട്ടുവെച്ചത്.
പുതുതലമുറപ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന മൂലകകുടുംബമാണ് ഗ്ലിപ്ടിൻ. ഇതിന്റെ പല വകഭേദങ്ങളുടെയും പേറ്റന്റ് കാലാവധി അടുത്തിടെ തീർന്നിരുന്നു. ഇതിനെത്തുടർന്ന് ഒട്ടേറെ മരുന്നുകൾക്കാണ് വില കുറഞ്ഞത്. ലിനാഗ്ലിപ്ടിന്റെ കുത്തകാവശം 2025-ലാണ് തീരുക. രണ്ടര മില്ലിഗ്രാം ലിനാഗ്ലിപ്ടിനും 500 എം.ജി. മെറ്റ്‌ഫോർമിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന മരുന്നിന് 23.93 രൂപയായിരുന്നു വില. ഇതിനിനി 8.04, 10.63, 14.65 രൂപ എന്നിങ്ങനെയാണ് വിലയുണ്ടാവുക. വിവിധ ബ്രാൻഡുകൾക്ക് വ്യത്യസ്ത വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. മെറ്റ്‌ഫോർമിന്റെ അളവ് ആയിരം മില്ലിഗ്രാമാകുമ്പോൾ 24.88 രൂപയായിരുന്നു വില. ഇതിനിയും 8.37, 11.52, 16.33 രൂപയെന്നിങ്ങനെ വ്യത്യസ്ത വിലകളിലാകും കിട്ടുക. 850 എം.ജി. മെറ്റ്‌ഫോർമിൻ ചേരുന്ന സംയുക്തത്തിന്റെ വില നിലവിൽ 24.36 രൂപയെന്നത് 15.41 രൂപയാകും. ഇതിനു പുറമേ പേറ്റന്റ് കാലാവധി തീരുന്ന സിതാഗ്ലിപ്ടിൻ ചേർന്ന മരുന്നിനും ചെറിയ തോതിൽ വില കുറയ്ക്കുവാൻ സമിതി ശുപാർശചെയ്യുന്നുണ്ട്.