കോവിഡ് നിയമലംഘനത്തിന് ഇതുവരെ സംസ്ഥാനത്തു നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ. നിയമ ലംഘനങ്ങളിൽ പിഴയായി ഇതുവരെ ഈടാക്കിയത് മുന്നൂറ്റിയന്പത് കോടിയോളം രൂപ.
മാസ്ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. മാസ്ക് ധരിക്കാതിരുന്ന 42,73,735 പേരിൽനിന്നു മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തു ലോക്ഡൗൺ പ്രഖ്യാപിച്ചു രണ്ടു വർഷത്തിനു ശേഷമുള്ള കണക്കാണിത്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിരുന്നു. പുതിയ നിർദേശ പ്രകാരം മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കണമെന്നില്ല. എന്നാലും മാസ്ക് പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നു കേന്ദ്രം പിന്നീടു വിശദീകരിച്ചു.
കോവിഡ് കുറഞ്ഞതോടെ മാസ്ക് ധരിക്കാത്തതിനു കേസ് എടുക്കുന്നതും കുറച്ചിരുന്നു. കേന്ദ്ര നിർദേശമനുസരിച്ചു സംസ്ഥാനം ഇനി പുതിയ ഉത്തരവിറക്കും. ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിനു വ്യക്തത കിട്ടാൻ സംസ്ഥാനത്തെ ഉത്തരവ് ഇറങ്ങുന്നതു വരെ കാത്തിരിക്കണം.