21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • *കേരളത്തിന് നിര്‍ണ്ണായക വിജയം; സിക്കിം ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി സുപ്രീംകോടതി ശരിവച്ചു.*
Kerala

*കേരളത്തിന് നിര്‍ണ്ണായക വിജയം; സിക്കിം ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി സുപ്രീംകോടതി ശരിവച്ചു.*

സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ചൂതാട്ടത്തതിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ്‌ കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. പേപ്പര്‍ ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തി കൊണ്ട് 2005 ലാണ് കേരളം നിയമം പാസ്സാക്കിയത്. എന്നാല്‍ സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ എ.ജോണ്‍ കെന്നഡിയും 2008 ല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയിരുന്നു. സിക്കിം ലോട്ടറി വിറ്റതില്‍ നിന്ന് 250 കോടിയോളം രൂപയാണ് നികുതിയായി പിരിച്ചിരുന്നത്‌

ലോട്ടറി കേന്ദ്ര വിഷയം ആയതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിനുമേല്‍ മറ്റൊരു സംസ്ഥാനത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ആകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി തിരികെ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഉള്‍പ്പടെയുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

ചൂതാട്ടത്തിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസ്സാക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രധാന വാദം. ഈ വാദം ജസ്റ്റിസ്മാരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയ, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി നികുതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വിജയം ലഭിക്കുന്നത്. സുപ്രീം കോടതി കേസിന്റെ വാദം കേള്‍ക്കലിന് മുന്നോടിയായി സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നികുതി വകുപ്പിലെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അഭിഭാഷകരും തമ്മില്‍ ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുന്നത് കാരണമാണ് നികുതി കേസ്സുകളില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നത് എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

Related posts

ഡോക്ടറെന്ന് തെറ്റിദ്ധരിച്ചാണ് സുധാകരൻ മൊൻസന്റെ അടുത്തുപോയത്; സർക്കാരിന് അധികാരത്തിന്റെ ധാർഷ്യം; വച്ചുപൊറുപ്പിക്കില്ലെന്ന് വി ഡി സതീശൻ

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കും: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox