വിവിധ കേസുകളിൽ പൊലീസ് കണ്ടെടുക്കുന്ന തൊണ്ടിമുതൽ നശിക്കാതെ സൂക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ കർശന നിർദേശം. കേസുകളുടെ അന്വേഷണത്തിൽസുപ്രധാന തെളിവാകുന്ന തൊണ്ടികൾക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണം. ചില തൊണ്ടികൾ നശിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് എഡിജിപി, ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യത്തിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തണം.
സിസ്‌റ്റർ അഭയ കേസിലെ നിർണായക തെളിവായിരുന്ന ചില തൊണ്ടിമുതലുകൾ നശിപ്പിച്ചതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ്‌പി ആയിരുന്ന കെ ടി മൈക്കിളും ഡിവൈഎസ്‌പിയായിരുന്ന കെ സാമുവലും ചേർന്ന് തൊണ്ടിമുതലുകൾ നശിപ്പിച്ചുകളഞ്ഞെന്ന് 2020 ഡിസംബർ 23ന് അഭയ കേസിലെ പ്രതികളെ സിബിഐ കോടതി ശിക്ഷിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുവാൻ സംസ്ഥാന പൊലീസ് മേധാവി ഉറപ്പ് വരുത്തണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് മേധാവിക്ക് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്‌ക്കൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് മേധാവിയുടെ ഉത്തരവ്.