26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സിൽവർലൈൻ അലൈൻമെന്റ് മാറാം; ബഫർ സോൺ ഇല്ലെന്ന് മന്ത്രി, 20 മീറ്ററുണ്ടെന്ന് എംഡി.
Kerala

സിൽവർലൈൻ അലൈൻമെന്റ് മാറാം; ബഫർ സോൺ ഇല്ലെന്ന് മന്ത്രി, 20 മീറ്ററുണ്ടെന്ന് എംഡി.

സാമൂഹികാഘാത പഠനത്തിനു ശേഷം സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് (നിർദിഷ്ട പാത) മാറിയേക്കാമെന്ന സൂചന നൽകി കെ–റെയിൽ. പഠനത്തിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റ് മാറ്റത്തിനു വിദഗ്ധ സമിതി ശുപാർശ ചെയ്യുകയും സർക്കാർ അംഗീകരിക്കുകയും ചെയ്താൽ മാറ്റമുണ്ടാകും. പഠനം നടത്തേണ്ട ഏജൻസിയാണു നിലവിലെ അലൈൻമെന്റ് എവിടെയെങ്കിലും വലിയ സാമൂഹികാഘാതത്തിനു കാരണമാകുന്നുണ്ടോയെന്നു റിപ്പോർട്ട് ചെയ്യേണ്ടത്.

അലൈൻമെന്റ് മാറ്റത്തിന്റെ ഭാഗമായി പദ്ധതിച്ചെലവു വ്യത്യാസപ്പെട്ടാൽ കേന്ദ്ര അംഗീകാരം കൂടി വേണ്ടിവരുമെന്നു കെ–റെയിൽ എംഡി വി.അജിത് കുമാർ പറഞ്ഞു. കല്ലിടലുമായി മുന്നോട്ടു പോവുകയാണെന്നും തടസ്സം നീക്കേണ്ടതു സർക്കാരാണെന്നും എംഡി പറഞ്ഞു. കല്ലുകൾ പിഴുതു കളഞ്ഞിടത്തു പുതിയ കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു

കല്ലിടാതെ പഠനമായിക്കൂടേ…? മറുപടിയില്ല

കല്ലിടാതെ സാമൂഹികാഘാത പഠനം നടത്തിക്കൂടേ എന്ന ചോദ്യത്തിന് കെ–റെയിൽ എംഡി വ്യക്തമായ ഉത്തരം നൽകിയില്ല. കല്ലിടാൻ കോടതിയുടെ അനുമതിയുണ്ടെന്നായിരുന്നു മറുപടി. കല്ലിടുന്നതു ഭൂമിയുടെ ക്രയവിക്രയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പറയാൻ താൻ വിദഗ്ധനല്ലെന്നും റവന്യു വകുപ്പാണ് വ്യക്തത വരുത്തേണ്ടതെന്നുമായിരുന്നു മറുപടി.

ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ലെന്ന് മന്ത്രി; 20 മീറ്റർ ഉണ്ടെന്ന് കെ–റെയിൽ

സിൽവർലൈൻ പദ്ധതിയിൽ ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ലെന്നും ബഫർ സോൺ ഉണ്ടെന്നതു കള്ളപ്രചാരണമാണെന്നും മന്ത്രി സജി ചെറിയാൻ. താൻ ഡിപിആർ നന്നായി പഠിച്ചതാണെന്നും സിൽവർലൈനിന് ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ലെന്നുമാണു മന്ത്രി ആലപ്പുഴയിൽ പറഞ്ഞത്. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്നും അതിൽ ഇരുവശത്തും 5 മീറ്റർ വീതം ഭാഗത്ത് നിർമാണ നിരോധനമുണ്ടെന്നും കെ–റെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു. മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കെ–റെയിൽ എംഡിയുടെ മറുപടി.

ബഫർ സോണിൽപെടുന്ന സ്ഥലം കെ–റെയിൽ ഏറ്റെടുക്കാനോ നഷ്ടപരിഹാരം നൽകാനോ തീരുമാനമില്ല. ബഫർസോണിൽ ഇരുവശത്തും 5 മീറ്റർ കഴിഞ്ഞുള്ള ഭാഗത്തു നിർമാണത്തിന് അനുമതി വാങ്ങണം. 5 മീറ്റർ പരിധിയിൽ കെട്ടിടമുണ്ടെങ്കിൽ പൊളിക്കേണ്ട. എന്നാൽ പുതുക്കിപ്പണിയാൻ കഴിയില്ല – എംഡി പറഞ്ഞു.

Related posts

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ; കശ്മീർ ജനതയ്ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

Aswathi Kottiyoor

മെഡിസെപ്പ് ചരിത്ര നേട്ടത്തിൽ; ആറ് മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി

Aswathi Kottiyoor

ജല മെട്രോ: കുറഞ്ഞ നിരക്ക്‌ 20 രൂപ ; വൈറ്റില–കാക്കനാട്‌ സർവീസ്‌ ഉടൻ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox