സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കെഎംഎസ്സിഎല് മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. കാരുണ്യ ഫാര്‍മസികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ആശുപത്രികള്‍ക്ക് കീഴിലുള്ള ഫാര്‍മസികളിലും കൃത്യമായ ഇടവേളകളില്‍ പര്‍ച്ചേസ് കമ്മിറ്റികള്‍ കൂടി സൂപ്രണ്ടുമാര്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മന്ത്രി നേരിട്ട് നടത്തിയ പരിശോധനയില്‍ മരുന്നുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഫാര്‍മസിയില്‍ ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരങ്ങള്‍ കെഎംഎസ്സിഎലിന് നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡിപ്പോ മാനേജരെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.