ലളിതമായി പറഞ്ഞാൽ ദാ ഇങ്ങനെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്. അതാണ് നമ്മുടെ വീട്…’ സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒരുക്കിയ വനദിന സന്ദേശ ഹ്രസ്വ വിഡിയോ ചലച്ചിത്രതാരം മഞ്ജു വാര്യർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. സ്വാഭാവിക വനം ചുരുങ്ങുകയും കോൺക്രീറ്റ് കാടുകൾ വ്യാപിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് വനസംരക്ഷണത്തിന്‍റെ പ്രാധാന്യം മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ, എന്നാൽ പ്രേക്ഷകരുടെ ഹൃദയത്തിലിറങ്ങുന്ന വാക്കുകളിലൂടെ അവതരിപ്പിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടി.
ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്, വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം പെരുമഴയായിരിക്കും. പിന്നപ്പിന്നെ… മഴക്കാലം അകന്നകന്നു പോയി. ഇപ്പൊഴോ, എന്നാണ് മഴ തുടങ്ങുകയെന്ന് പറയാൻപോലും പറ്റാത്ത കാലമായി. നമ്മുടെ കാലാവസ്ഥ വല്ലാതെ മാറിയിരിക്കുന്നു. അത് നമ്മളെ മാത്രമല്ല, മറ്റെല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ഉത്കണ്ഠ മഞ്ജു പങ്കുവെക്കുന്നു. ഈ കാലാവസ്ഥ വ്യതിയാനം ഒരു പരിധിവരെ ചെറുക്കാൻ വനങ്ങൾക്കേ കഴിയൂ. എത്ര സുന്ദരമാണ് നമ്മുടെ വനസമ്പത്ത്.
അതിലെ ജൈവ വൈവിധ്യം. അതിൽ ഒരംഗം മാത്രമാണ് വിവേകബുദ്ധിയുള്ള മനുഷ്യൻ. ഈ വൈവിധ്യമുള്ള ജീവജാലങ്ങളെ എല്ലാം പരിരക്ഷിക്കേണ്ട ചുമതല നമുക്ക് എല്ലാവർക്കുമാണ്. നഷ്ടപ്പെട്ട സ്വാഭാവിക വനങ്ങൾ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. കാരണം, അവയുടെ എല്ലാം നിലനിൽപിനെ ആശ്രയിച്ചാണ് നമ്മുടെ അടുത്ത തലമുറയുടെ നിലനിൽപ്. കാടാണ് നമ്മുടെ വീട് എന്ന ഓർമപ്പെടുത്തലോടെയാണ് വിഡിയോ അവസാനിക്കുന്നത്.