24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അതീവ ദരിദ്രർക്ക് തദ്ദേശസഹായം.*
Kerala

അതീവ ദരിദ്രർക്ക് തദ്ദേശസഹായം.*

സംസ്ഥാനത്തെ അതീവ ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരംഗം മാത്രമുള്ള കുടുംബത്തിന് ഒരു വർഷം കുറഞ്ഞത് 35,000 രൂപയും ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 75,000 രൂപയും ആദ്യ ഘട്ടത്തിൽ ചെലവഴിക്കും. ഇത്തരത്തിൽ ഗ്രാമപഞ്ചായത്തുകൾ കുറഞ്ഞത് മെ‍ാത്തം 10 ലക്ഷം, നഗരസഭകൾ 20 ലക്ഷം, കേ‍ാർപറേഷനുകൾ 50 ലക്ഷം എന്ന ക്രമത്തിൽ തുക വകയിരുത്തണമെന്നു വാർഷിക പദ്ധതി തയാറാക്കൽ മാർഗരേഖയുടെ കരടിൽ തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു.

കുടുംബങ്ങൾക്കായി തയാറാക്കുന്ന സൂക്ഷ്മ പദ്ധതികൾ അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ കൂടുതൽ തുക പിന്നീട് അനുവദിക്കും. പട്ടിക വിഭാഗ വികസനം, അടിസ്ഥാന വികസനം, സാമൂഹിക ക്ഷേമം തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണു വാർഷിക പദ്ധതിയിൽ വിഹിതം കണ്ടെത്തുക. തുടർന്നുവരുന്ന വാർഷിക പദ്ധതികളിലും തുക നീക്കിവയ്ക്കും. അതിദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം അനുവദിക്കാനായി ബ്ലേ‍ാക്ക് പഞ്ചായത്തുകൾ 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തുകൾ 2 കേ‍ാടി രൂപയും വാർഷിക പദ്ധതിയിൽ മാറ്റിവയ്ക്കും.

കുടുംബശ്രീയുടെ സഹായത്തേ‍ാടെ തയാറാക്കുന്ന സൂക്ഷ്മ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രാമ പഞ്ചായത്തുകൾ തുക വിനിയോഗിക്കുക. പദ്ധതി തയാറാക്കൽ അടുത്ത മാസത്തോടെ പൂർത്തിയാകും. ഓരേ‍ാ കുടുംബത്തിന്റെയും സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിക്കു രൂപം നൽകുന്നതെന്നു കില ഡയറക്ടർ ഡേ‍ാ. ജേ‍ായ് ഇളമൺ പറഞ്ഞു. ഒരു അംഗം മാത്രമുള്ള അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഉൗന്നൽ നൽകും.

വീട്ടിൽ ഭക്ഷ്യവസ്തുക്കൾ കിട്ടിയാലും അതു പാകം ചെയ്തു കഴിക്കാൻ ആകാത്തവർ, സ്വന്തം ആവശ്യങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാത്തവർ, പരസഹായമില്ലാതെ നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങി ഇത്തരം കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തവും സങ്കീർണവുമാണ്.

ആകെ 64,006 കുടുംബങ്ങൾ

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 64,006 അതീവ ദരിദ്ര കുടുംബങ്ങളെയാണു കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 43,850 കുടുംബങ്ങളിലും ഒരംഗം മാത്രമാണുള്ളത്. 1735 കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു കഴിക്കാൻ പേ‍ാലും കഴിയാത്ത സ്ഥിതിയുണ്ട്.

Related posts

മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത്..! മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാസേന

Aswathi Kottiyoor

രക്ഷിതാക്കളുടെ അറിവോടെ സ്കൂളിൽ മൊബൈൽ കൊണ്ടുപോകാം; ഉത്തരവ് ബാലാവകാശ കമ്മിഷന്റേത്.*

Aswathi Kottiyoor

ചെറുനാരങ്ങ വില കുതിക്കുന്നു: കിലോഗ്രാമിന് 200 രൂപയായി.

Aswathi Kottiyoor
WordPress Image Lightbox