ഇരിട്ടി: തെരുവോരം പ്രകാശ പൂരിതമാക്കാൻ ഗ്രാമ ജ്യോതി പദ്ധതിയും , സ്റ്റേഡിയം നിർമ്മാണത്തിന് ഒന്നര കോടി രൂപയും വകയിരുത്തി ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ബജറ്റ് . അൻപത്തിരണ്ട് കോടി ഒൻപത് ലക്ഷത്തി പതിനായരത്തി എഴുനൂറ്റി അറുപത്തി ഒമ്പത് രൂപ വരവും , അമ്പത് കോടി മുപ്പത്തി ഏഴ് ലക്ഷത്തി ആറായിരത്തി അറുനൂറ് രൂപ ചിലവും, രണ്ട് കോടി അമ്പത്തിനാല് ലക്ഷത്തി മൂവായിരത്തി ഒരുനൂറ്റിതൊണ്ണൂറ്റിയാറ് രൂപ മിച്ചവും വരുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിഷ ഇബ്രാഹിം അവതരിപ്പിച്ചു.
ഉളിക്കൽ പഞ്ചായത്തിലെ പ്രധാന നിരത്തുകളിൽ തെരുവ് വിളക്കുന്ന സ്ഥാപിക്കുന്ന ഗ്രാമ ജ്യോതി പദ്ധതിക്ക് 63 ലക്ഷം രൂപയും , പഞ്ചായത്ത് പൊതു സ്റ്റേഡിയത്തിന് സ്ഥലം വാങ്ങാൻ ഒന്നര കോടി രൂപയും , കൃഷി മൃഗസംരക്ഷണം, ക്ഷീര വികസനം, ഉൾനാടൻ മത്സ്യ കൃഷി എന്നിവക്ക് ഒന്നര കോടി . ഭവന നിർമ്മാണം 6 കോടി , പശ്ചാത്തല മേഖല റോഡ് വികസനത്തിന് ഉൾപ്പെടെ 4 കോടി , സാമൂഹ്യ സുരക്ഷാ പെൻഷൻ 11.5 കോടി , തൊഴിലുറപ്പ് പദ്ധതിക്ക് 17 കോടി എന്നിവക്ക് പ്രാധാന്യം നൽകിയ ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം അവതരിപ്പിച്ചത്. പ്രസിഡണ്ട് പി. സി. ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി ബാബു ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇന്ദിര പുരുഷോത്തമൻ , ഒ.വി. ഷാജു തുടങ്ങിയവർ സംസാരിച്ചു.