സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന് പേരാവൂരിൽ വെള്ളിയാഴ്ച തുടക്കമായി. പേരാവൂർ പുതിയ ബസ്‌സ്റ്റാൻഡിന് സമീപം ജിമ്മി ജോർജ് ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ കായിക മന്ത്രിയുമായ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്‌തു.
സിപിഐ എം ജില്ലാ കമ്മിറ്റിയഗം വി ജി പത്മനാഭൻ അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യ വനിതാവോളി താരം മിനിമോൾ എബ്രഹാം മുഖ്യാതിഥിയായി. ഇന്ത്യൻ വോളിബോൾ വനിതാ ടീം ക്യാപ്റ്റൻ മിനിമോൾ അബ്രഹാം, വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി കെ സനോജ്, മുൻ ഇന്ത്യൻ താരം സെബാസ്റ്റ്യൻ ജോർജ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, അഡ്വ. എം രാജൻ എന്നിവർ സംസാരിച്ചു.
കെഎസ്ഇബിയും സിക്സേഴ്സ് കേരളയും തമ്മിലാണ് ആദ്യ മത്സരം നടന്നത്. പ്രാദേശിക മത്സരത്തിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പ്രതിഭ ആലത്തുപറമ്പിനെ നേരിട്ടുള്ള സെറ്റിന് പരാജയപ്പെടുത്തി. ഇന്ന് കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്ത്യൻ നേവിയെ നേരിടും.