പേരാവൂർ: മലബാർ കുടിയേറ്റത്തിന്റെ ആരംഭകേന്ദ്രമായ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന ദേവാലയം സമുന്നത പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ദേവാലയത്തെ സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയമായി നാളെ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിക്കും.
നാളെ രാവിലെ 9.30ന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ കർദിനാളിനും മെത്രാന്മാർക്കും സ്വീകരണം. തുടർന്നു നടക്കുന്ന ചടങ്ങിൽ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് സ്വാഗതമാശംസിക്കും. തീർഥാടന ദേവാലയ പ്രഖ്യാപനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. സീറോമലബാർ സഭ കൂരിയ ചാൻസലർ ഫാ.വിൻസെന്റ് ചെറുവത്തൂർ ഡിക്രി വായിക്കും. ഇതിന്റെ മലയാളപരിഭാഷ തലശേരി അതിരൂപത ചാൻസലർ ഫാ.തോമസ് തെങ്ങുംപള്ളിൽ വായിക്കും. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. 11.45ന് പാരിഷ് ഹാൾ വെഞ്ചരിപ്പും ഉദ്ഘാടനവും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തും. നിയുക്ത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തും. ജൂബിലി വീടിന്റെ താക്കോൽ ദാനം കെ.സുധാകരൻ എംപി നിർവഹിക്കും. എംഎൽഎമാരായ സണ്ണി ജോസഫ്, കെ.കെ.ശൈലജ, സജീവ് ജോസഫ്, വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, സിസ്റ്റർ ട്രീസ പാലയ്ക്കൽ എസ്എച്ച്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, ഇടവക ട്രസ്റ്റി സണ്ണി പൊട്ടങ്കൽ, വാർഡ് മെംബർ രാജു എന്നിവർ പ്രസംഗിക്കും. ഇടവക വികാരിയും നിയുക്ത ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. തോമസ് കൊച്ചുകരോട്ട് സ്വാഗതവും ഇടവക കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ നന്ദിയും പറയും.
വിപുലമായ ഒരുക്കങ്ങൾ
തലശേരി അതിരൂപതയിലെ പ്രഥമ സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയമായി ഉയർത്തപ്പെടുന്ന ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് പേരാവൂർ ഇടവകാജനം. ദേവാലയപരിസരമെല്ലാം ഇന്റർലോക്ക് പതിപ്പിച്ചും പ്രത്യേക വാഹന പാർക്കിംഗ് സൗകര്യമൊരുക്കിയും തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാളത്തെ ചടങ്ങ് എന്നന്നേയ്ക്കും അനുസ്മരിക്കാനായി പ്രത്യേക സുവനീർ പ്രസിദ്ധീകരിക്കുന്നുണ്ട്.
കുടിയേറ്റത്തിന്റെ നവതിനിറവിൽ പേരാവൂരിന് സവിശേഷ അംഗീകാരം
പേരാവൂർ: കുടിയേറ്റത്തിന്റെ ചരിത്രസ്മരണകൾ ഉറങ്ങുന്ന പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിന് ലഭിച്ച സവിശേഷ അംഗീകാരമാണ് തലശേരി അതിരൂപതയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആദ്യത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം എന്ന പദവി. മലബാർ കുടിയേറ്റത്തിന്റെ നവതി നിറവിലായിരിക്കവെയാണ് ഈ അംഗീകാരം ലഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സീറോ മലബാര്‍ സഭയെ ഭാരതപ്പുഴയുടെ വടക്കോട്ടു വളര്‍ത്തിയ മഹാപ്രസ്ഥാനമായിരുന്നു മലബാര്‍ കുടിയേറ്റം. ആ ചരിത്രനിയോഗത്തിന് ദൈവം തെരഞ്ഞെടുത്ത കന്നിമണ്ണായിരുന്നു പേരാവൂര്‍.
പിറന്നനാടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് ജീവിതം തേടിയുള്ള കഠിനയാത്രയില്‍ കാത്തുപരിപാലിച്ച ദൈവകാരുണ്യത്തിന് നന്ദിയര്‍പ്പിക്കാന്‍ പൂര്‍വികര്‍ തൊണ്ടിയില്‍ കാഞ്ഞിരപ്പുഴയുടെ തീരത്തൊരു ബലിവേദിയൊരുക്കി- പേരാവൂര്‍ സെന്റ് ജോസഫ്സ് ദേവാലയം.
കുടിയേറ്റത്തിന്റെ 94 സംവത്സരങ്ങള്‍ പിന്നിടുമ്പോഴാണ് തലശേരി അതിരൂപതയിലെ ആദ്യത്തെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പേരാവൂർ പ്രഖ്യാപിക്കപ്പെടുന്നത്. തലശേരി രൂപതയുടെ പിറവിക്കുമുമ്പ് കാല്‍നൂറ്റാണ്ടിന്റെ ചരിത്രം പേരാവൂര്‍ ഇടവകയ്ക്കുണ്ട്. കോഴിക്കോട് രൂപത സ്ഥാപിതമായ 1923ല്‍ തന്നെ ഫാ. പോള്‍ റൊസാരിയോ ഫെര്‍ണാണ്ടസ് കോളയാട് എത്തി ഭൂമിവാങ്ങി ഷെഡുണ്ടാക്കി എലമെന്ററി സ്കൂള്‍ ആരംഭിച്ചിരുന്നു. ഈ ഷെഡ് ദേവാലയമായും ഉപയോഗിച്ചു. കോളയാട് ആശ്രമദേവാലയവും ഫെര്ണാണ്ടസച്ചനുമായിരുന്നു പേരാവൂരിലെ കുടിയേറ്റക്കാരുടെ ആധ്യാത്മികാവശ്യങ്ങള്‍ക്ക് ആശ്രയം.
1945-55 കാലഘട്ടത്തോടെ പേരാവൂര്‍, കൊട്ടിയൂര്‍ മേഖലകളില്‍ കുടിയേറ്റക്കാര്‍ നിറഞ്ഞു. കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ നിലവിലുള്ള ദേവാലയവും സംവിധാനങ്ങളും അപര്യാപ്തമായി. കോഴിക്കോട് ബിഷപ് ലെയോ പ്രോസേര്പ്പിയോ പേരാവൂരിലെ കുടിയേറ്റക്കാര്‍ക്കായി സ്ഥിരം വികാരിയെ നിയമിച്ചു. 1943 ജൂണില്‍ ഫാ. ജോസഫ് കുത്തൂര്‍ ആദ്യവികാരിയായി ചുമതലയേറ്റതോടെ ഇടവകയായുള്ള പേരാവൂരിന്റെ വളര്‍ച്ചയ്ക്കു നാന്ദികുറിച്ചു.
കേരളം സന്ദര്‍ശിച്ച ആദ്യത്തെ കര്‍ദിനാളായിരുന്നു പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന യൂജിന്‍ ടിസറാംഗ്. 1953 നവംബറില്‍ കൊടുങ്ങല്ലൂരില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിക്കാന്‍ എത്തിച്ചേര്‍ന്ന കര്‍ദിനാള്‍ സന്ദര്‍ശിച്ച ഒരേയൊരു കുടിയേറ്റകേന്ദ്രമായിരുന്നു പേരാവൂര്‍. മലബാറിനെ അനുഗ്രഹീതമാക്കിയ ചരിത്രസംഭവത്തിന് ആതിഥ്യമരുളാനുള്ള ഭാഗ്യം കുടിയേറ്റജനതയ്ക്ക് ലഭിച്ച എക്കാലത്തെയും വലിയ അംഗീകാരമായിരുന്നു.