തിരുവനന്തപുരം ∙ സംസ്ഥാനത്തു പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയമസഭയിൽ പി.ഉബൈദുല്ലയുടെ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹമാധ്യമത്തിലും ഇതേപ്പറ്റിയുള്ള കുറിപ്പ് മന്ത്രി പങ്കുവച്ചു.ലോഡ് ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാത്ത സ്ഥിതിയിലേക്കു സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതിന്, ആഭ്യന്തര ഉല്‍പ്പാദനത്തിന് പുറമേ സ്വതന്ത്ര ഉൽപാദകരില്‍നിന്നു ദീര്‍ഘകാലാടിസ്ഥാനത്തില്‍ 1215 മെഗാവാട്ട് വൈദ്യുതിയും, കേന്ദ്ര വൈദ്യുതിനിലയങ്ങളില്‍നിന്ന് 1741 മെഗാവാട്ട് വൈദ്യുതിക്കുമുള്ള ദീര്‍ഘകാല കരാറുകളില്‍ കെഎസ്ഇബി ഏര്‍പ്പെട്ടു. വേനല്‍ക്കാലത്തെ വര്‍ധിച്ച വൈദ്യുതി ആവശ്യം നിറവേറ്റാന്‍ അധിക വൈദ്യുതി കണ്ടെത്തേണ്ടതുണ്ടെന്നു മുന്‍കൂട്ടി കണക്കാക്കി നടപടിയെടുത്തു.
സ്വകാര്യ പാരമ്പര്യേതര ഊര്‍ജ ഉൽപാദകരുമായും വൈദ്യുതി വാങ്ങല്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വരള്‍ച്ച രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ആഭ്യന്തര ജലവൈദ്യുത നിലയങ്ങളില്‍ നിന്നുളള വൈദ്യുത ഉല്‍പാദനം കാര്യക്ഷമമായി ക്രമീകരിക്കുക വഴി, പദ്ധതി പ്രദേശങ്ങളിലെ വൈദ്യുതോല്‍പ്പാദനത്തിനുള്ള ജലം വേനല്‍ക്കാലത്തെ അധിക ഉല്‍പാദനത്തിനായി സംഭരിച്ചു വയ്ക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ആവശ്യമായ അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളുമായി ബാങ്കിങ് കരാറുകളില്‍ കെഎസ്ഇആർസി അനുമതിയോടെ ഏര്‍പ്പെട്ട് കണ്ടെത്തും.ഇപ്രകാരം ലഭ്യമായ വൈദ്യുതി അടുത്ത കാലവര്‍ഷ കാലയളവില്‍ തിരികെ നല്‍കും. നിലവിലെ കരാറുകളില്‍ നിന്നുളള വൈദ്യുതിയും ആഭ്യന്തര ഉൽപാദനത്തിലും വരുന്ന കുറവ് നികത്താനായി ദൈനംദിന ആവശ്യങ്ങള്‍ക്ക് പവര്‍ എക്സ്ചേഞ്ചുകളിൽനിന്ന് താരതമ്യേന കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങും. ഹ്രസ്വകാല വൈദ്യുതി വാങ്ങാൻ ‘ഡീപ് പോർട്ടലിലെ’ മത്സരാധിഷ്ഠിത ടെൻഡറുകൾ പരമാവധി ഉപയോഗപ്പെടുത്തും. ഊര്‍ജോപയോഗം കൂടുന്ന സാഹചര്യത്തില്‍ പീക്ക് ടൈമില്‍ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശങ്ങൾ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ വിവിധ മാധ്യമങ്ങളിലൂടെ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി