• Home
  • Kerala
  • കപ്പല്‍ശാലയ്ക്ക് മറ്റൊരു നാഴികക്കല്ല്: രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍ കൊച്ചിയില്‍ നിര്‍മിക്കും
Kerala

കപ്പല്‍ശാലയ്ക്ക് മറ്റൊരു നാഴികക്കല്ല്: രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍ കൊച്ചിയില്‍ നിര്‍മിക്കും

രാജ്യത്തെ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പല്‍ (ഡ്രഡ്ജര്‍) കൊച്ചി കപ്പല്‍നിര്‍മാണശാല നിര്‍മിക്കും. ഇതിനായി ഡ്രഡ്ജിങ് കോര്‍പറേഷനുമായി (ഡിസിഐ) കരാറായി. നെതര്‍ലന്‍ഡ്സിലെ കപ്പല്‍നിര്‍മാണ കമ്പനിയായ ഐഎച്ച്സി ഹോളണ്ടുമായി സഹകരിച്ചാണ് കപ്പല്‍ നിര്‍മിക്കുക.950 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കപ്പലിന് 12,000 ക്യുബിക് മീറ്റര്‍ മണ്ണ് മാറ്റാന്‍ ശേഷിയുണ്ട്. 127 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ 34 മാസംകൊണ്ടാണ് നിര്‍മിക്കുക.

മൂന്നു മണ്ണുമാന്തിക്കപ്പലുകള്‍ നിര്‍മിക്കാനാണ് ഡിസിഐ ലക്ഷ്യമിടുന്നത്. ആദ്യ കപ്പല്‍നിര്‍മാണം പൂര്‍ത്തിയായാല്‍ മറ്റുള്ളവയുടെയും നിര്‍മാണകരാര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുമെന്നാണ് സൂചന.ലോകത്ത് 80 ശതമാനം മണ്ണുമാന്തിക്കപ്പലുകളും നിര്‍മിക്കുന്ന പ്രശസ്ത സ്ഥാപനമാണ് നെതര്‍ലന്‍ഡ്സിലെ ഐഎച്ച്സി ഹോളണ്ട്. കപ്പല്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇവര്‍ ഡിസിഐക്ക് കൈമാറും.

ലോകനിലവാരമുള്ള ഐഎച്ച്സിയുടെ ബീഗിള്‍ ക്ലാസ് 12 വിഭാഗത്തിലാണ് കപ്പല്‍ നിര്‍മിക്കുക. ഐഎച്ച്സിയുടെ അതിസങ്കീര്‍ണമായ സാങ്കേതികവിദ്യയുടെ സാധ്യതാപഠനം നടത്തി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കപ്പലിന്റെ രൂപഘടനയില്‍ മാറ്റംവരുത്തിയായിരിക്കും നിര്‍മിക്കുക. ബ്രഹ്മപുത്ര എന്ന പേരിലാണ് ഡിസിഐ കപ്പല്‍ നിര്‍മാണം.

വര്‍ഷങ്ങള്‍ക്കുമുമ്പ് 1800 ക്യുബിക് മീറ്റര്‍ ശേഷിയുള്ള കാവേരി എന്ന മണ്ണുമാന്തിക്കപ്പലാണ് കൊച്ചിയില്‍ ഇതിനുമുമ്പ് നിര്‍മിച്ചത്. ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ച കൊച്ചി കപ്പല്‍ശാലയുടെ കുതിപ്പിന് കരുത്തേകുന്നതാണ് മണ്ണുമാന്തിക്കപ്പലിന്റെ നിര്‍മാണച്ചുമതല. രാജ്യത്ത് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പല്‍ നിര്‍മിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡിസിഐ എംഡി ജി വൈ വി വിക്ടറും മധു എസ് നായരും കരാറില്‍ ഒപ്പിട്ടു. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സഹമന്ത്രിമാരായ ശ്രീപാദ് നായ്ക്, ശന്തനു താക്കൂര്‍, നെതര്‍ലന്‍ഡ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ബെര്‍ഗ് എന്നിവരും പങ്കെടുത്തു.

Related posts

സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

Aswathi Kottiyoor

പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിനുണ്ട്; ലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി.*

Aswathi Kottiyoor

കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ് – മുന്നറിയിപ്പവഗണമിച്ചെത്തിയവർക്കെതിരെ കേസ്

WordPress Image Lightbox