കണ്ണൂർ: ആശുപത്രികളെ സുരക്ഷിതമേഖലകളായി പ്രഖ്യാപിച്ച് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവിൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ എന്നിവർ ആവശ്യപ്പെട്ടു.
കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരേ ശക്തിയായി പ്രതിഷേധിക്കുമെന്നും ഐഎംഎ നേതാക്കൾ പറഞ്ഞു. ചികിത്സയ്ക്കിടയില്‍ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രിജീവനക്കാര്ക്കുമെതിരേ ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത വർധിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം സ്വാഗതാർഹമാണെങ്കിലും നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നും ഐഎംഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയമം നടപ്പാ
ക്കിയാൽ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കും. കോവിഡ് പ്രതിസന്ധി കഴിയുന്നതുവരെയെങ്കിലും നിയമം നടപ്പാക്കരുത്. എംബിബിഎസ് യോഗ്യത ഇല്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാൻ ബ്രിഡ്ജ് കോഴ്സ് വഴി അനുവാദം നൽകുന്നത് ഒഴിവാക്കണം. ആവശ്യത്തിലധികം എംബിബിഎസ് യോഗ്യതയുള്ളവർ ഇവിടെയുള്ള സാഹചര്യത്തിൽ ബ്രിഡ്ജ് കോഴ്സ് ആവശ്യമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്ര കാഴ്ചപ്പാടിനെതിരാണ്. ഇത്തരം പ്രതിജ്ഞ ആധുനിക ചികിത്സാമേഖലയെ പിന്നിലോട്ട് നയിക്കുമെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. ലളിത് സുന്ദരം, ഡോ.രാജ് മോഹൻ, ഡോ. സുൾഫിക്കർ എന്നിവരും പങ്കെടുത്തു.